സിഡ്നി/കൊച്ചി ∙ കോൺഗ്രസിലെ ഖദർ വിവാദത്തിൽ പ്രതികരണവുമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഓസ്ട്രേലിയൻ ചിത്രം പങ്കുവെച്ച് എറണാകുളം എംപി ഹൈബി ഈഡൻ രംഗത്ത്. 2022 ൽ ഓസ്ട്രേലിയ സന്ദർശനം നടത്താവേ പകർത്തിയ കോട്ടും സ്യൂട്ടും ധരിച്ചുള്ള ചിത്രമാണ് ഹൈബി ഈഡൻ തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. യുവതലമുറ ഖദറിനോടു കാണിക്കുന്ന അകല്‍ച്ച സംബന്ധിച്ച് കോൺഗ്രസ് നേതാവ് അജയ് തറയില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പാണ് ഹൈബി ഉൾപ്പടെയുള്ള നേതാക്കളുടെ പ്രതികരണത്തിന് കാരണമായത്. ‘ലേറ്റ് ആ വന്താലും ലേറ്റസ്റ്റ് ആ വരുവാ…’ എന്നായിരുന്നു ഓസ്ട്രേലിയൻ ചിത്രത്തിന് ഹൈബി ഈഡൻ നൽകിയ തലക്കെട്ട്.
ഖാദി ധരിച്ചല്ല താൻ ആദ്യമായി നിയമസഭയിൽ പോയതെന്നും വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ താൽപര്യമാണെന്നും ഹൈബി ഈഡൻ പ്രതികരിച്ചു. വസ്ത്രത്തിലും ഭക്ഷണത്തിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് ഫാസിസ്റ്റ് ശക്തികളാണ്. കോൺഗ്രസ് നേതൃത്വം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.
അജയ് തറയില്‍ ഉയര്‍ത്തിയ ഖദര്‍ വസ്ത്ര പരാമര്‍ശത്തില്‍ യുവനേതാക്കളെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരും രംഗത്ത് എത്തിയിരുന്നു. വസ്ത്രധാരണത്തില്‍ ചെറുപ്പക്കാര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാകില്ലെന്ന് ഇരു നേതാക്കളും പ്രതികരിച്ചു. ‘ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്തിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്.
ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുന്നത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നത്’ എന്നാണ് അജയ് തറയില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് ഹൈബി ഈഡൻ ഉൾപ്പടെയുള്ള യുവനേതാക്കള്‍ സമൂഹമാധ്യമങ്ങത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിത്.
ഖദര്‍ ധരിക്കുന്നവരോട് ആദരവും ബഹുമാനവുമുണ്ടെന്നും അല്ലാത്തവരെ തള്ളിപറയേണ്ട കാര്യമില്ലെന്നുമായിരുന്നു ഷാഫി പറമ്പിൽ എംപിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി പോലും സ്ഥിരമായി ടീഷര്‍ട്ട് ധരിക്കുന്ന രാഷ്ട്രീയക്കാരനാണ്. അതു കൊണ്ട് ഖദര്‍ വസ്ത്രം മാത്രം ധരിക്കണമെന്നത് മാറ്റത്തിന്റെ മാറ്റൊലികള്‍ കേള്‍ക്കാത്തവരുടെ അഭിപ്രായമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അധ്യക്ഷതയിൽ ‘സത്യ സേവാ സംഘർഷ്’ പഠന ക്യാംപ് ആലപ്പുഴയിൽ നടക്കവേയാണ് അജയ് തറയിൽ പ്രതികരണം നടത്തിയത്. ക്യാംപിൽ യുവനേതാക്കൾ ഖദർ അല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് എത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അജയ് തറയിലിന്റെ ഖദർ അനുകൂല കുറിപ്പ്.































