ബീജിംഗ്: ചൈനയിലെ കിൻഡര്ഗാര്ഡനിലുണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. ഗ്വാഗ്ടോംഗ് പ്രവിശ്യയില്‍ ഇന്നലെ രാവിവിലെ പ്രാദേശിക സമയം 7.40നായിരുന്നു സംഭവം.
അക്രമി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അദ്ധ്യാപകൻ, രക്ഷിതാക്കള്‍, രണ്ടുകുട്ടികള്‍ എന്നിവര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഇരയായവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ 25കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ആക്രമണം നടന്ന് മിനിറ്റുകള്‍ക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടി. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ചെെനയില്‍ പൗരന്മാര് തോക്കുകള്‍ കൈവശം വയ്ക്കുന്നതിന് കര്‍ശനമായ വിലക്കുണ്ട്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള സംഭവങ്ങളാണ് വ്യാപകമാകുന്നത്. സ്കൂളുകള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ രാജ്യവ്യാപകമായി നടന്നിട്ടുണ്ട്.
2022 ഓഗസ്റ്റില്‍, ജിയാംഗ്സി പ്രവിശ്യയിലെ ഒരു കിൻഡര്ഗാര്ഡനിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021 ഏപ്രിലില്‍, ഗുവാംഗ്സി ഷുവാംഗ് സ്വയംഭരണ പ്രദേശമായ ബെയ്ലിയു സിറ്റിയില്‍ നടന്ന ആക്രമണത്തിനിടെ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
2018 ഒക്ടോബറില്‍, തെക്ക്-പടിഞ്ഞാറൻ ചൈനയിലെ ചോംഗ്കിംഗിലെ ഒരു കിന്റര്‍ ഗാര്‍ഡനില്‍ ഉണ്ടായ കത്തി ആക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരുക്കേറ്റിരുന്നു. സുരക്ഷ കൂടുതല്‍ കര്‍ശനമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.