റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ഫാസിസ്റ്റ് ഭരണകൂടം ചരിത്രം ഏത് രീതിയിൽ തിരുത്തിയെഴുതിയാലും ജനഹൃദയങ്ങളിൽ നിന്നും ഇന്ത്യയുടെ യഥാർത്ഥ ചരിത്രം മായ്ചുകളയാനാവില്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ എം പി പറഞ്ഞു. ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ അദ്ദേഹത്തിന് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു മുരളീധരൻ.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ഐതിഹാസിക മുന്നേറ്റത്തിന് നേരത്തെ തന്നെ ഒരുങ്ങണമെന്നും, 20 സീറ്റിലും അത് വഴി യു ഡി എഫിന് വിജയം വരിക്കാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെ കരുണാകരനും ബാഫഖി തങ്ങളും രൂപം നൽകിയ യു ഡി എഫിനെ ഒരു ശക്തിക്കും തകർക്കാനാവില്ല. വടകര പാർലിമെന്റ് മണ്ഡലത്തിൽ തന്റെ വിജയത്തിൽ മുസ്ലിം ലീഗും പ്രവാസി ഘടകമായ കെഎംസിസിയും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷനായിരുന്നു.
മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അബൂബക്കർ കണ്ണിയൻ യോഗം ഉദ്‌ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ മുരളീധരനെ ഷാളണിയിച്ചു ആദരിച്ചു. ബഷീർ അമ്പലായി (ഒ ഐ സി സി ബഹ്‌റൈൻ) ആശംസ നേർന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ കെ ടി അബൂബക്കർ. മുജീബ് ഉപ്പട. അബ്ദുറഹിമാൻ ഫറോഖ്,
നൗഷാദ് ചാക്കീരി, ഷാഹിദ് മാസ്റ്റർ, സഫീർ പറവണ്ണ, പി സി അലി, ബാവതാനൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിങ് സെക്രെട്ടറി കബീർ വൈലത്തൂർ സ്വാഗതവും ട്രഷറർ യു പി മുസ്തഫ നന്ദിയും പറഞ്ഞു.