ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ല. കേസിൽ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണ്. സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാൽ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കർ ജാമ്യ ഹർജിയിൽ പറയുന്നു. അഭിഭാഷകരായ മനു ശ്രീനാഥ്, സെൽവിൻ രാജ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
നേരത്തെ ജാമ്യം നിഷേധിച്ച് കൊണ്ട് ശിവശങ്കറിന് ഭരണതലത്തിൽ ഏറെ സ്വാധീനശക്തിയുണ്ടെന്ന് മുൻപ് തന്നെ വ്യക്തമായിട്ടുണ്ടെന്ന് കേരളാ ഹൈക്കോടതി നീരീക്ഷിച്ചിരുന്നു. ഇതുവഴി തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഭരണ കക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി വലിയ അടുപ്പം. സ്വർണക്കളളക്കടത്ത് കേസിലെ അറസ്റ്റിനും ജയിൽവാസത്തിനും ശേഷവും സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഓർക്കണമെന്നും ഉത്തരവിൽ കോടതി പറഞ്ഞിരുന്നു. വിരമിക്കുന്നതുവരെ ശിവശങ്കർ ഈ തസ്തികയിൽ തുടർന്നു ,കുറ്റകൃത്യത്തിലെ ശിവശങ്കറിന്‍റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ ആയിരുന്നു ഇത്. മുൻപ് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ട് ജയിൽ വാസം അനുഭവിച്ചതിനു ശേഷവും ശിവശങ്കറിന്‍റെ ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും ഇതൊന്നും ബാധിച്ചില്ല എന്നതും വ്യക്തമാണ് ഇതെല്ലാം ശിവശങ്കറിന്‍റെ സ്വാധീനശക്തിയാണ് വ്യക്തമാക്കുന്നതെന്നും കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു.