പ്രയാഗ്രാജ്: മഹാ കുംഭമേള നടക്കുന്ന പ്രയാഗ്രാജിൽ ബസന്ത് പഞ്ചമി സ്നാനത്തിന് ശേഷം സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നു. അടുത്ത നാല് ദിവസങ്ങളിൽ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. ഫെബ്രുവരി 7ന് ഒഡീസി നർത്തകി ഡോണ ഗാംഗുലി, ഫെബ്രുവരി 8ന് പിന്നണി ഗായിക കവിതാ കൃഷ്ണമൂർത്തി, ഫെബ്രുവരി 9ന് ക്ലാസിക്കൽ നർത്തകി സോണാൽ മാൻസിംഗ്, ഗായകൻ സുരേഷ് വാഡ്കർ, ഫെബ്രുവരി 10ന് പ്രശസ്ത ഗായകൻ ഹരിഹരൻ എന്നിവരുൾപ്പെടെ വിവിധ കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ മഹാ കുംഭമേള ആഘോഷങ്ങൾക്ക് നിറം പകരും. പ്രധാന വേദിയായ ഗംഗാ പന്തലിലെ പരിപാടികൾക്കുള്ള എല്ലാ ഒരുക്കങ്ങളും സാംസ്കാരിക വകുപ്പ് പൂർത്തിയാക്കി കഴിഞ്ഞു. അതേസമയം, ഫെബ്രുവരി 12ന് നടക്കാനിരിക്കുന്ന വിശുദ്ധ മാഘപൂർണിമ സ്നാനത്തോടനുബന്ധിച്ച് ഫെബ്രുവരി 11 മുതൽ 13 വരെ എല്ലാ സാംസ്കാരിക പരിപാടികളും നിർത്തിവെയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.