സെപ്റ്റംബർ 7. മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ദിനം. അതേ മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയുടെ പിറന്നാളാണ് നാളെ. ഇതിനോടകം തന്നെ ആരാധക കൂട്ടം ആഘോഷ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. ഫ്ലെക്സ് പ്രിന്‍റ് ചെയ്യുക, മാഷപ്പ് വീഡിയോ, പിറന്നാൽ സ്പെഷ്യൽ വീഡിയോ തുടങ്ങിയവ തകൃതിയായി തയ്യാറാക്കുകയാണ്. ഈ പിറന്നാൾ സന്തോഷത്തോടൊപ്പം, മമ്മൂട്ടിയുടെ രണ്ട് സിനിമകളുടെ അപ്ഡേറ്റുകളും നാളെ മലയാളികളുടെ മുന്നിലെത്തും.
റിലീസിന് തയ്യാറെടുക്കുന്ന ‘കണ്ണൂർ സ്ക്വാഡ്’, അടുത്തിടെ പ്രഖ്യാപിച്ച ഹെറർ ചിത്രം ‘ഭ്രമയുഗം’ എന്നിവയാണ് ആ സിനിമകൾ. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഈ ചിത്രങ്ങളുടെ വമ്പൻ അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ നാളെ വൈകിട്ട് ആറ് മണിക്ക് എത്തും. രാവിലെ 11 മണിക്ക് ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവരും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ വൻ ആവേശത്തിലാണ് ആരാധകരും സിനിമാപ്രേമികളും.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 28ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. ഏപ്രിലിൽ പാക്കപ്പ് പറഞ്ഞ ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മമ്മൂട്ടി കമ്പനിയാണ് നിർമാണം.
ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമയാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ ഏകദേശ വ്യക്തത നാളെ ലഭിക്കും. ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയിലെ മമ്മൂട്ടിയെ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവർ ഭ്രമയുഗത്തിന്റെ ഭാഗമാകുന്നുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.