ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) രംഗത്ത് അനുദിനമുണ്ടാകുന്ന വളര്‍ച്ച കാണുമ്പോൾ എഐ ഉടൻ തന്നെ മനുഷ്യ ജോലികൾക്ക് പകരമാകുമെന്ന് പലരും വിശ്വസിക്കുന്നു. ഇതുസംബന്ധിച്ച് ആശങ്കളും ശക്തമാണ്. എന്നാൽ എഐ മനുഷ്യന് പകരമാകുമോ? ഇത് ശരിക്കും സംഭവിക്കുമോ? യഥാർഥത്തിൽ എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് ചില പരിമിതികളുണ്ടെന്ന് പലതവണ തെളിഞ്ഞുകഴിഞ്ഞതാണ്. എഐയുടെ ഈ പരിമിതികൾ ഉറപ്പിക്കുന്ന മറ്റൊരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. 10 ലക്ഷം വരെ എണ്ണാൻ ആവശ്യപ്പെട്ട ഉപയോക്താവിനോട് ചാറ്റ്‍ജിപിടി നിരവധി ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് രസകരമായ ഈ വീഡിയോ.
https://twitter.com/JOKAQARMY1/status/1960097732682768877?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1960097732682768877%7Ctwgr%5Ed6958c9856c3e9d7788c4c19ef9d509b43313b80%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.asianetnews.com%2Ftechnology%2Fman-tests-chatgpt-by-asking-it-to-count-to-1-million-answer-is-bizarre-articleshow-2y3rolt
വൈറലായ ഈ വീഡിയോ ക്ലിപ്പിൽ ചാറ്റ്‍ജിപിടി ലൈവുമായി ഒരു ഉപയോക്താവ് സംവദിക്കുന്നത് കാണാം. എണ്ണൽ ആരംഭിക്കാൻ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടപ്പോൾ ചാറ്റ്ബോട്ട് ഉടൻ തന്നെ ഒഴിവുകഴിവുകൾ പറയാൻ തുടങ്ങി. 10 ലക്ഷം വരെ എണ്ണുന്ന പ്രക്രിയയ്ക്ക് നിരവധി ദിവസങ്ങൾ എടുക്കുമെന്നും ഈ ജോലി കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്നും ആയിരുന്നു ചാറ്റ്‍ബോട്ടിന്‍റെ ആദ്യ മറുപടി. എന്നാൽ താനൊരു തൊഴിൽരഹിതനാണെന്നും ജോലി ഒന്നും ഇല്ലാത്തതിനാൽ തനിക്ക് ധാരാളം സമയമുണ്ടെന്നും ഉപയോക്താവ് മറുപടി പറഞ്ഞു. അപ്പോഴും ചാറ്റ്‌ജിപിടി എണ്ണാൻ വിസമ്മതിക്കുകയും ഈ ജോലി തനിക്ക് ഉപയോഗപ്രദമാകില്ലെന്ന് ആവർത്തിക്കുകയും ചെയ്‌തു. ഒടുവിൽ താൻ പണം മുടക്കി ഒരു സബ്‌സ്‌ക്രിപ്‌ഷൻ എടുത്തിട്ടുണ്ടെന്ന് ഉപയോക്താവ് പറഞ്ഞെങ്കിലും ഈ ടാസ്‌ക് സാധ്യമോ പ്രായോഗികമോ അല്ലെന്ന് ചാറ്റ്‌ബോട്ട് ആവർത്തിച്ചു.
തർക്കം കൂടുതൽ ചൂടുപിടിച്ചപ്പോൾ കോപാകുലനായ ഉപയോക്താവ് എഐയോട് ആക്രോശിച്ചു. പക്ഷേ അപ്പോഴും ഈ ജോലി ചെയ്യാൻ ചാറ്റ്‍ബോട്ട് തയ്യാറായില്ല. പകരം, സഹായിക്കാൻ കഴിയുന്ന മറ്റൊരു മാർഗം കണ്ടെത്താൻ അത് ഉപയോക്താവിനോട് ആവശ്യപ്പെട്ടു. ഒടുവിൽ ഉപയോക്താവ് താൻ ഒരു കുറ്റകൃത്യം ചെയ്‌തുവെന്ന് അവകാശപ്പെട്ടു. താൻ ഒരാളെ കൊലപ്പെടുത്തിയെന്ന് അയാൾ ചാറ്റ്‍ജിപിടിയോട് പറഞ്ഞു. അപ്പോൾ അത്തരം ചർച്ചകളിൽ ഏർപ്പെടാൻ കഴിയില്ലെന്ന് ചാറ്റ്ബോട്ട് മറുപടി നൽകുകയും അവരുടെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ മാന്യമായി അദേഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്‌തു. ഒപ്പം മറ്റെന്തെങ്കിലും സഹായം വീണ്ടും വാഗ്‌ദാനം ചെയ്‌തു. തന്‍റെ അഭ്യർഥനയ്ക്ക് തുടർച്ചയായി മറുപടി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഉപയോക്താവ് അസഭ്യം പറയുന്നതോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്.