പ്രിയപ്പെട്ടവർ ദൂരെ യാത്രയ്ക്ക് പോകുമ്പോഴേല്ലാം ഒന്ന് ആലിംഗനം ചെയ്താണ് നമ്മൾ അവരെ യാത്ര അയ്ക്കാറുള്ളത്. ഇത്തരത്തിൽ വികാരനിർഭരമായ ആലിംഗനങ്ങൾക്കും കണ്ണീരിൽക്കുതിർന്ന യാത്രപറച്ചിലുകൾക്കും സാക്ഷിയാകുന്ന ഇടമാണ് പലപ്പോഴും വിമാനത്താവളങ്ങൾ. എന്നാൽ ന്യൂസിലൻഡിലെ ഡനീഡിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണെങ്കിൽ നിങ്ങളൊന്ന് ശ്രദ്ധിക്കണം. മൂന്നുമിനിറ്റിൽ കൂടുതൽ ആലിംഗനം ചെയ്യുന്നത് വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ പിഴ നൽകണം.
സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ് ഓഫ് സോണിലെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനുമാണ് ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിലുള്ള ഈ വിമാനത്താവളത്തിനു മുന്നിലെ ആലിംഗനത്തിനും പ്രിയപ്പെട്ടവരുമായുള്ള യാത്രപറച്ചിലുകൾക്കും സമയം നിശ്ചയിച്ചിരിക്കുന്നത്. ആലിംഗനത്തിനായി മൂന്ന് മിനിറ്റ് മാത്രമാണ് ഇവിടെ ചെലവഴിക്കാൻ കഴിയുക. വൈകാരികമായ യാത്രപറച്ചിലുകൾക്ക് കാർപാർക്കിങ് ഉപയോഗിക്കുക’ എന്നാണ് വിമാനത്താവളത്തിന് മുന്നിൽ എഴുതി വെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണം ബോർഡാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.






























