ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്‌ട്രേലിയയിലെത്തി. സിഡ്‌നിയില്‍ വിമാനമിറങ്ങിയ മോഡിക്ക് ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. സിഡ്‌നിയിലെ ഇന്ത്യക്കാരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിയുമായി മോഡി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഇന്ത്യന്‍ പ്രവാസികളെയും മോഡി അഭിസംബോധന ചെയ്യും. ഓസ്‌ട്രേലിയന്‍ കമ്പനികളുടെ സി.ഇ.ഒമാരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.മുമ്പ് ന്യൂഡല്‍ഹിയില്‍ നടന്ന ഓസ്‌ട്രേലിയ-ഇന്ത്യ വാര്‍ഷിക ഉച്ചകോടി, ഹിരോഷിമയില്‍ നടന്ന ജി 7 ഉച്ചകോടി, ക്വാഡ് നേതാക്കളുടെ യോഗം എന്നിവിടങ്ങളില്‍ നടന്ന ചര്‍ച്ചകളെ അടിസ്ഥാനപ്പെടുത്തിയാണ് മോഡിയുടെ ഓസ്‌ട്രേലിയ സന്ദര്‍ശനമെന്ന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുമെന്നും പുനരുപയോഗ ഊര്‍ജം, പ്രതിരോധ-സുരക്ഷാ സഹകരണം എന്നിവ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
പാപ്പുവ ന്യൂഗിനിയയിലെ ചരിത്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്ട്രേലിയയിലെത്തിയത്. നാളെ ഇന്ത്യയിലേക്കു മടങ്ങും. 2014-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോഡി നടത്തുന്ന രണ്ടാമത്തെ ഔദ്യോഗിക ഓസ്ട്രേലിയ സന്ദര്‍ശനമാണിത്.