പ്രശസ്ത നർത്തകി റുബീന സുധർമന്റെ ശിഷ്യരായ എയ്ഞ്ചൽ ഏലിയാസ്, ദുർഗ കെ.റ്റി എന്നിവരുടെ മോഹിനിയാട്ടം അരങ്ങേറ്റം 2025 ജനുവരി നാല് ശനിയാഴ്ച വെൻവർത്തുവിലെ റെഡ്‌ഗം സെന്ററിൽ വച്ച് നടക്കും.
നാലാം വയസ്സു മുതൽ നൃത്തം അഭ്യസിക്കുന്ന എയ്ഞ്ചൽ ഏലിയാസ്, 2017 മുതൽ റുബീന സുധർമന്റെ കീഴിൽ മോഹിനിയാട്ടം അഭ്യസിച്ചുവരുന്നു. ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യം നേടിയ എയ്ഞ്ചൽ, ഏലിയാസ് മത്തായി, തങ്കി ഏലിയാസ് ദമ്പതികളുടെ മകളാണ്. നല്ലൊരു ഗായിക കൂടിയായ എയ്ഞ്ചൽ, സെൻട്രൽ ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ എക്കോ കാർഡിയോഗ്രാഫി വിദ്യാർഥിനിയാണ്.
വളരെ ചെറുപ്പത്തിൽ തന്നെ ജാസ് നൃത്തത്തിലൂടെ നൃത്തരംഗത്തെത്തിയ ദുർഗ, പ്രശസ്ത ചലച്ചിത്രതാരവും നർത്തകനുമായ പിതൃവ്യൻ വിനീത് രാധാകൃഷ്‌ണന്റെ കീഴിൽ ഭരതനാട്യവും അഭ്യസിച്ചു വരുന്നു. അജിത് കെ.റ്റി, രാധികാ രാജൻ ദമ്പതികളുടെ ഏക മകളായ ദുർഗ, 2017 മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്നു. കൂടാതെ, തായ്‌ക്കൊണ്ടോ എന്ന ആയോധന കലയിൽ ജൂനിയർ ലെവൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.
ഗുരുവായ റുബീന സുധർമൻ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും വൈദഗ്ദ്യം നേടിയ നർത്തകിയാണ്. കഴിഞ്ഞ 18 വർഷമായി നൃത്താധ്യാപികയായി പ്രവർത്തിക്കുന്ന റുബീന, ഗ്ലോബൽ അച്ചീവേഴ്‌സ് അവാർഡ്, ആര്യഭട്ട അന്തർദേശീയ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.






























