ഗുവാഹത്തി: ഓണ്‍ലൈനായി സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെയും മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെയും കബളിപ്പിച്ചുള്ള കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കണ്ടെത്തി അസ്സം പോലീസ്. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന എട്ട് അനധികൃത കാള്‍ സെന്‍ററുകളും പോലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 191 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാങ്കുകളുടെയും മറ്റു പ്രശസ്തമായ കമ്പനികളുടെയും സാങ്കേതിക സഹായം നല്‍കുന്നവരാണെന്ന വ്യാജേന കാള്‍ സെൻററില്‍നിന്ന് വിളിച്ചാണ് ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് പണം തട്ടിയെടുത്തിരുന്നത്.
രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അസ്സം പോലീസ് ക്രൈം ബ്രാഞ്ചും ഗുവാഹത്തി പോലീസും ഗുവാഹത്തിയിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പുകാര്‍ നടത്തിയിരുന്ന എട്ടു അനധികൃത കാള്‍ സെന്‍ററുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഗുവാഹത്തി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ഇവര്‍ ഇത്തരത്തില്‍ സ്വരൂപിച്ച പണം ബിറ്റ്കോയിനായും ഹവാല ഇടപാടിലൂടെയുമാണ് കൈമാറ്റം ചെയ്തിരുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് കാള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്നതെന്നും സാങ്കേതിക സഹായം നല്‍കുന്നതിന് പുറമെ കസ്റ്റര്‍ സപ്പോര്‍ട്ട് റെപ്രസെന്‍റേറ്റീവുകളായും ഇവര്‍ തട്ടിപ്പുനടത്തിയിരുന്നതായി ഗുവാഹത്തി പോലീസ് കമീഷണര്‍ ദിഗന്ത ബോറ പറഞ്ഞു.
തട്ടിപ്പ് നടത്തേണ്ടയാളുടെ ഫോണില്‍ സന്ദേശം അയച്ചോ കമ്പ്യൂട്ടറിലോ പോപ് അപ്പ് സന്ദേശമിട്ടോ ആണ് ഇവര്‍ സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിരുന്നത്. ഇതിനുപുറമെ ആളുകളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് കാള്‍ സെൻറില്‍നിന്ന് വിളിക്കും. പ്രശസ്തമായ കമ്പനിയുടെ പ്രതിനിധിയാണെന്നോ ബാങ്കിന്‍റെ സാങ്കേതിക സഹായ പ്രതിനിധികളാണെന്നോ സര്‍ക്കാര്‍ ഏജന്‍സിയില്‍നിന്നോ ആണെന്ന് പറഞ്ഞാണ് ആളുകളുടെ വിശ്വാസ്യത നേടുന്നത്. പിന്നീട് ഇരകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പണം നഷ്ടമാകുമെന്നുമൊക്കെ പറയും. അതല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ വൈറസുണ്ടെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും വ്യക്തിവിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നുമൊക്കെ അറിയിക്കും.
തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ഇരകളുടെ കമ്പ്യൂട്ടറിലോ ഫോണിലോ റിമോട്ട് ഡെസ്ക്ടോപ്പ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഇരകളുടെ ഫോണും കമ്പ്യൂട്ടറും തട്ടിപ്പുകാര്‍ക്ക് നിയന്ത്രിക്കാനാകും. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് എടുത്തശേഷം പണം തട്ടിയെടുക്കുന്നതാണ് രീതിയെന്ന് ദിഗന്ത ബോറ പറഞ്ഞു. വ്യാജ ടോള്‍ ഫ്രീ നമ്പറുകളിലൂടെയും ഇൻര്‍നെറ്റ് കാളുകളിലൂടെയും ഇവര്‍ തട്ടിപ്പ് നടത്താറുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് കാള്‍ സെന്‍ററുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും വ്യാജ ടെലിഫോണ്‍ എക്സ്ചേഞ്ച് മാതൃകയിലാണ് ഇൻര്‍നെറ്റ് സേവനം ഉപയോഗിച്ചിരുന്നതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.