ചെന്നൈ: സിനിമ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്കെതിരായ നിലപാടിലുറച്ച് നടി ഗൗരി ജി കിഷന്‍. എന്‍റെ ശരീരം എന്‍റെ ചോയ്സാണ്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഗൗരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഞാന്‍ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും നടി പറയുന്നു. യൂട്യൂബറോട് തിരിച്ച് ചോദിച്ചപ്പോള്‍ ആ മുറിയില്‍ ഉണ്ടായിരുന്നവര്‍ എന്നോട് മാപ്പ് പറയണമെന്നാണ് അവശ്യപ്പെട്ടത്. എന്‍റെ ടീമിലെ ഒരു അംഗം പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി ജി കിഷന്‍ പറയുന്നു. വിഷയം ചര്‍ച്ചയായ ശേഷം സിമിനാ മേഖലയില്‍ നിന്ന് ഒത്തിരി പേര്‍ പിന്തുണയുമായി എത്തിയെന്നും അതില്‍ സന്തോഷമുണ്ടെന്നും ഗൗരി ജി കിഷന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഗൗരിയുടെ പുതിയ സിനിമയായ അദേഴ്‌സിന്റെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെതിരെയാണ് ഗൗരി ജി കിഷന്‍ തുറന്നടിച്ചത്. നടിയുടെ ഭാരയും ഉയരത്തെയും കുറിച്ച് സിനിമയുടെ സംവിധായകനോട് ചോദിച്ച യൂട്യൂബര്‍ക്കാണ് ഗൗരി ചുട്ടമറുപടി നല്‍കിയത്. വ്‌ളോഗറുടെ ചോദ്യവും അതിന് ഗൗരി നല്‍കിയ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന് പിന്തുണയുമായി നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
സിനിമയെ കുറിച്ചോ ഞാന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചോ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു വെയിറ്റെന്ന് ചിരിയോടെ അയാൾ നടനോട് ചോദിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് ഡയറക്ടറോടും ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നത്. ഞാനും പഠിച്ചത് ജേർണലിസമാണ്, 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നു. എന്‍റെ ടീമിലെ ഒരു അംഗം പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി ജി കിഷൻ ന്യൂസിനോട് പറഞ്ഞു.































