മെൽബൺ സീറോ മലബാർ സഭയുടെ പുതിയ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ സ്ഥാനമേൽക്കും.
മേയ് 31 ബുധനാഴ്ച്ച വൈകിട്ട് മെൽബണിലെ ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് പള്ളിയിൽ വച്ചാണ് സ്ഥാനോഹരണ ചടങ്ങുകൾ നടക്കുക.സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി സ്ഥാനോരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകും.ഓസ്‌ട്രേലിയ, ന്യൂ സീലാൻഡ്, ഇന്ത്യ എന്നിവടങ്ങളിലെ വൈദികരും, മെത്രാന്മാരും ഉൾപ്പെടെ ആയിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.ഇതിന് പുറമെ ഓസ്‌ട്രേലിയയിലെ ഫെഡറൽ, സംസ്ഥാന തലത്തിലെ മന്ത്രിമാരും മറ്റ് പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് മെൽബൺ സീറോ മലബാർ രൂപത അറിയിച്ചു.
മെൽബൺ സീറോ മലബാർ രൂപതയുടെ ആദ്യ മെത്രാൻ ബോസ്കോ പുത്തൂർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് മാർ ജോൺ പനന്തോട്ടത്തിൽ പുതിയ മെത്രാനായി സ്ഥാനമേൽക്കുന്നത്.സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാർ ജോൺ പനന്തോട്ടത്തിൽ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.2015 മുതൽ 2020 വരെ മാർ ജോൺ പനന്തോട്ടത്തിൽ ക്വീൻസ്ലാന്റിൽ സേവനമനുഷ്ഠിച്ചിരുന്നു.സ്ഥാനമൊഴിയുന്ന മെൽബൺ സീറോ മലബാർ രൂപതയുടെ ആദ്യ ബിഷപ്പ് ബോസ്കോ പുത്തൂരിന് പരിപാടിയിൽ യാത്രയയപ്പ് നൽകുമെന്നും മെൽബൺ സീറോ മലബാർ രൂപത അറിയിച്ചു.