വെലിങ്ടൻ: ‘സ്വന്തം നഗ്ന ചിത്രം’ ഉയർത്തിക്കാട്ടി പാർലമെന്റിൽ ധീരമായി സംസാരിച്ച് കയ്യടി നേടി ന്യൂസീലൻഡ് എംപി ലോറ മക്‌ഗോൾഡ്രിക്. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയിലൂടെ നിർമിച്ചെടുത്ത നഗ്ന ചിത്രമാണ് ലോറ സഭയിൽ കാണിച്ചത്.‘‘അഞ്ച് മിനിറ്റിൽ താഴെ സമയം കൊണ്ട് നിർമിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങൾ സമൂഹത്തിൽ വലിയ ഭീഷണിയാണുയർത്തുന്നത്.
ഇത് എന്റെ നഗ്ന ചിത്രമാണ്, പക്ഷേ ഇത് യഥാർഥമല്ല. ഇത്തരം ചിത്രങ്ങൾക്ക് ഇരയാവുന്നവർ വലിയ അപമാനമാണ് നേരിടേണ്ടി വരുന്നത്. യഥാർഥത്തിൽ ഞാനല്ലെന്ന് അറിഞ്ഞിട്ടും പാർലമെന്റിൽ എന്റെ ചിത്രം ഉയർത്തിക്കാട്ടേണ്ടി വന്നത് എന്നെ ഭയപ്പെടുത്തുന്നുണ്ട്’’ – ലോറ പറഞ്ഞു.
ചിത്രം വ്യാജമാണെന്ന് അറിയാമെങ്കിലും അതിന്റെ യാഥാർഥ്യം അസ്വസ്ഥതയുണ്ടാക്കി. പാർലമെന്റിൽ ഡീപ്‌ഫേക്ക് നഗ്ന ചിത്രം ഉയർത്തിക്കാട്ടുന്ന ചിത്രം സമൂഹമാധ്യമത്തിലും ലോറ പങ്കുവച്ചിട്ടുണ്ട്. “ഇന്ന് പാർലമെന്റിൽ എന്റെ നഗ്ന ഡീപ്‌ഫേക്ക് ചിത്രം ഞാൻ കാണിച്ചു.ഇത് എത്ര എളുപ്പത്തിൽ നിർമിക്കാമെന്നും എത്ര യഥാർഥമായി തോന്നാമെന്നും ബോധ്യപ്പെടുത്താനാണ്.
പ്രശ്നം സാങ്കേതികവിദ്യയല്ല, മറിച്ച് അത് ആളുകളെ ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുന്ന രീതിയാണ്. നമ്മുടെ നിയമങ്ങൾ അതിനനുസരിച്ച് മാറേണ്ടതുണ്ട്” – ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സമ്മതമില്ലാതെ നഗ്ന ചിത്രങ്ങൾ പങ്കുവെക്കുന്നത് കുറ്റകരമാക്കുന്ന നിലവിലെ നിയമത്തിൽ ഡീപ്‌ഫേക്കുകളും ഉൾപ്പെടുത്തണമെന്ന് ലോറ ആവശ്യപ്പെട്ടു.































