ഓസ്ട്രേലിയയിൽ നിന്ന് രോഗിയായ മക്കളുടെ സംരക്ഷണ ചുമതല വിട്ടുകിട്ടാത്തതിനെ തുടർന്ന് അമ്മ ജീവനൊടുക്കി. രണ്ട് കുട്ടികളുടെ കസ്റ്റഡിക്കായാണ് ഓസ്ട്രേലിയൻ സർക്കാറുമായി എന്‍ ആര്‍ ഐ ദമ്പതികൾ നിയമപോരാട്ടം നടത്തിയത്. എന്നാൽ, കേസ് തോറ്റതോടെ 45കാരിയായ അമ്മ ജീവനൊടുക്കുകയായിരുന്നു. ജന്മനാടായ കർണാടകയിലെ ബെലഗാവിയിലാണ് 45 കാരിയായ പ്രിയദർശിനി പാട്ടീൽ ആത്മഹത്യ ചെയ്തത്. പ്രിയദർശിനിയും ഭർത്താവ് ലിംഗരാജ് പാട്ടീലും തങ്ങളുടെ രണ്ട് മക്കളായ അമർത്യ (17), അപരാജിത (13) എന്നിവരുടെ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിലായിരുന്നു.ഇതിനിടെ ഗുരുതരമായ അസുഖം ബാധിച്ച കൗമാരക്കാരനായ മകന്റെ ആരോഗ്യനില വഷളാകുകയും ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ താമസിക്കുകയായിരുന്നു കുടുംബം. മകന്റെ ചികിത്സക്കിടെ മെഡിക്കൽ അനാസ്ഥയെ തുടർന്ന് ആശുപത്രിക്കെതിരെ പരാതി ഉയർന്നു. കേസിൽ അമ്മയായ പ്രിയദർശിനിയാണ് മുഖ്യപ്രതിയായത്. കുട്ടികളെ തെറ്റായി കൈകാര്യം ചെയ്തതിന് ദമ്പതികൾ കുറ്റക്കാരാണെന്ന് ഓസ്‌ട്രേലിയൻ അതോറിറ്റി കണ്ടെത്തി. തുടർന്ന് കൗമാരക്കാരായ രണ്ട് മക്കളുടെയും സംരക്ഷണ ചുമതല അധികൃതർ ഏറ്റെടുത്തു. പ്രാദേശിക ശിശു സംരക്ഷണ നിയമ പ്രകാരമാണ് കുട്ടികളെ ഏറ്റെടുത്തത്. അന്നുമുതൽ അമർത്യയും അപരാജിതയും മാതാപിതാക്കളിൽ നിന്ന് അകന്നു കഴിയുകയാണ്.
തുടർന്ന് കടുത്ത നിരാശയിലായിരുന്നു പ്രിയദർശിനി. ഞായറാഴ്ച മലപ്രഭ നദിയിൽ ചാടിയായിരുന്നു ആത്മഹത്യ. വീട്ടിലേക്കുള്ള ബസിൽ കയറുന്നതിനുപകരം അവൾ ഹുബ്ബാലിയിലേക്കുള്ള ബസിൽ കയറി. മരണത്തിന് മുമ്പ്, പണവും ആഭരണങ്ങളും പാക്ക് ചെയ്ത് പിതാവിന് കൊറിയർ അയച്ചു. നേരത്തെയും വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ദമ്പതികളിൽ നിന്ന് കുട്ടികളുടെ സംരക്ഷണം അധികൃതർ ഏറ്റെടുത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ജർമനിയിലും നോർവേയിലും സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.