സിഡ്നി/ന്യൂകാസ്റ്റിൽ: വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച “Award Night & Celebration of Festivals 2025” ൽ ന്യൂ സൗത്ത് വെയിൽസിലെ പ്രമുഖ ചെണ്ടമേള സംഘമായ ന്യൂകാസ്റ്റിൽ ബീറ്റ്സിനെ ആദരിച്ചു. സിഡ്നി പാർലമെന്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം നൽകിയത്.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂകാസ്റ്റിൽ ബീറ്റ്സ്, കൃത്യമായ പരിശീലനത്തിലൂടെ ഈ രംഗത്ത് പ്രാഗൽഭ്യം നേടിയിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസിലെ വിവിധ ആഘോഷ പരിപാടികളിൽ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.
ഈ പുരസ്കാരം തങ്ങളുടെ ഗുരുക്കന്മാർക്കും, ന്യൂകാസ്റ്റിൽ ബീറ്റ്സിന് വേദികൾ നൽകിയവർക്കും സമർപ്പിക്കുന്നു എന്ന് മാനേജർ ജിനു ഇറപുറത്ത് സമ്മേളനത്തിൽ അറിയിച്ചു.






























