സിഡ്‌നി സിബിഡി (CBD), ഈസ്റ്റേൺ സബർബ്സ് എന്നിവിടങ്ങളിൽ പ്രതിഷേധ മാർച്ചുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി എൻഎസ്ഡബ്ല്യു പോലീസ് (NSW Police) അറിയിച്ചു.ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തോടനുബന്ധിച്ചും ബോണ്ടി ഭീകരാക്രമണത്തിന് ശേഷവും ഏർപ്പെടുത്തിയ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നത്. അദ്ദേഹത്തിന്റെ സന്ദർശനം പൂർത്തിയായതോടെ ഈ സാഹചര്യങ്ങളിൽ മാറ്റം വന്നതായി പോലീസ് കമ്മീഷണർ മാൽ ലാനിയൻ വ്യക്തമാക്കി. പ്രത്യേക നിയന്ത്രണങ്ങൾ നീക്കിയതോടെ, പൊതുസമ്മേളനങ്ങളും മാർച്ചുകളും നിയന്ത്രിക്കുന്നതിനുള്ള സാധാരണ നിയമമായ ‘സമ്മറി ഒഫൻസസ് ആക്ട്’ (Summary Offences Act) പ്രകാരമുള്ള നടപടികൾ പുനഃസ്ഥാപിക്കപ്പെട്ടു.
പ്രതിഷേധക്കാർക്ക് ഇനി മുതൽ പതിവുപോലെ മാർച്ചുകൾക്കായി ഏഴു ദിവസം മുമ്പ് കമ്മീഷണർക്ക് അപേക്ഷ നൽകാം. എന്നാൽ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് തോന്നിയാൽ പോലീസിന് ഇത് കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്.ആരാധനാലയങ്ങൾക്ക് സമീപം പ്രതിഷേധിക്കുന്നത് തടയാൻ പോലീസിന് അധിക അധികാരം നൽകുന്ന ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് എൻഎസ്ഡബ്ല്യു സുപ്രീം കോടതി (NSW Supreme Court) നേരത്തെ നിരീക്ഷിച്ചിരുന്നു.






























