ആലപ്പുഴ: അമ്മയുടെ വിയോഗത്തിൽ ഹൃദയം നൊന്തുള്ള കുറിപ്പുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ജീവിതത്തില്‍ സ്നേഹം നിറച്ച ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാൾ എന്നാണ് അമ്മയെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആകാശത്തോളം ഓര്‍മ്മകളാണ്. സ്‌നേഹസമുദ്രമായിരുന്നു അമ്മയെന്നും അദ്ദേഹം കുറിച്ചു. വിദ്യാർത്ഥി രാഷ്ട്രീയകാലത്ത് അച്ഛന്‍റെ എതിർപ്പിനിടെയും തന്‍റെയൊപ്പം നിന്ന അമ്മയെയും രമേശ് ചെന്നിത്തല ഓര്‍ക്കുന്നു.
അമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാന്‍ ഉണരാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളാകുന്നു.
91 വര്‍ഷം നീണ്ട ഒരായുസിന്റെ സന്തോഷങ്ങളും അനുഭവങ്ങളുമാര്‍ജിച്ച്, സ്‌നേഹം വിളമ്പി, എന്റെ മാത്രമല്ല, ഒരുപാടു പേരുടെ അമ്മയായി ആണ് മടക്കമെന്നത് ആശ്വാസം തരുന്നുവെങ്കിലും ഭുമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു കയറുന്നുണ്ട്.
ആകാശത്തോളം ഓര്‍മ്മകളാണ്. തിരയിരച്ചു വരുമ്പോലെ ഓര്‍മ്മകളുടെ കടല്‍. സ്‌നേഹസമുദ്രമായിരുന്നു അമ്മ. എന്റെ ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാള്‍. കപ്പല്‍ച്ചേതത്തില്‍ പെട്ട നാവികന്റെ അവസാനത്തെ തുരുത്തു പോലെ ഒടുവില്‍ വന്നണയാന്‍ ഒരിടം. ഓര്‍മ്മകളുടെ കുത്തൊഴുക്കാണ്. അതവസാനിക്കുന്നില്ല.
വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടത്തില്‍ അച്ഛന്റെ ഉഗ്രശാസനത്തിനും പുത്രസ്‌നേഹത്തിനുമിടയില്‍ പെട്ടുപോയ ഒരമ്മയുണ്ട്. സ്‌കൂളധ്യാപകനും മാനേജരുമായിരുന്ന വി. രാമകൃഷ്ണന്‍ നായരുടെ മകനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും എന്റെ വഴിയും ഒത്തു ചേരാതെ പോയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നതിന്റെ ഇടയില്‍ അകപ്പെട്ട ഒരാളാണ് എന്റെ ദേവകിയമ്മ. പഠിത്തത്തില്‍ മിടുക്കനായിരുന്ന എനിക്ക് പത്താം തരത്തില്‍ ഫസ്റ്റ് ക്‌ളാസ് കിട്ടുമെന്നായിരുന്നു അധ്യാപകരുടെയും സഹപാഠികളുടെയും പ്രതീക്ഷ. എന്നാല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കില്‍ പെട്ടുപോയ എനിക്ക് വെറും അഞ്ചു മാർക്ക് വ്യത്യാസത്തിൽ ആ സ്വപ്‌നം സഫലീകരിക്കാനായില്ല.
റിസള്‍ട്ട് വന്ന ദിവസം ഇന്നുമോര്‍ക്കുന്നു. അച്ഛനും ബന്ധുക്കളും അധ്യാപകരും കുറ്റപ്പെടുത്തുകയാണ്. നിഷ്പ്രയാസം വാങ്ങാമായിരുന്ന ഫസ്റ്റ് ക്‌ളാസ്, അതുകൊണ്ട് ഗംഭീരമായേക്കാവുന്ന ഭാവി. എല്ലാ കുറ്റപ്പെടുത്തലും കേട്ട് ഹതാശനായിരിക്കുന്ന എന്നെ ഇടയ്ക്കിടെ അമ്മ വന്ന് സാരമില്ല എന്ന മട്ടില്‍ ഒന്നു സ്പര്‍ശിക്കും. തലയിലൊന്നു തടവും. അത് മതിയായിരുന്നു. അതു മാത്രം മതിയായിരുന്നു എല്ലാ ഊര്‍ജവും തിരികെ കിട്ടാന്‍.































