ജീവിതത്തിൽ പ്രധാനപ്പെട്ട എന്തെങ്കിലും നടന്നാൽ അതിന്റെ തീയതി ഓർത്ത് വയ്ക്കുകയും വാർഷികം ആഘോഷിക്കുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ, തമിഴ് നാട്ടിലെ ചെങ്കൽപ്പേട്ടിലുള്ള ഒരു മനുഷ്യൻ താൻ മദ്യപാനം നിർത്തിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. വെറുതെ ആഘോഷിക്കുകയല്ല, ഇതേ കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്ററും പതിച്ചു.
എന്നാൽ, അയാളെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ് എന്ന് പറയുക തന്നെ വേണം. കാരണം 30 വർഷം മദ്യത്തിന് അടിമയായി ജീവിക്കേണ്ടി വന്നയാളാണ് മദ്യപാനം നിർത്തിയത്. ചെങ്കൽപ്പേട്ടുകാരനായ മോഹനൻ സോഷ്യൽ മീഡിയയിൽ ഒറ്റദിവസം കൊണ്ട് സെൻസേഷനായി മാറിയതും അങ്ങനെ തന്നെ. ചെങ്കൽപേട്ട് ജില്ലയിലെ ആത്തൂരിനടുത്താണ് 53 -കാരനായ മനോഹരൻ താമസിക്കുന്നത്. 32 വർഷമായി മദ്യപാനത്തിന് അടിമയായിരുന്നു മനോഹരൻ. എന്നാൽ, കഴിഞ്ഞ വർഷം ഇനി ജീവിതത്തിൽ മദ്യം കഴിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനം എടുത്തു. 2022 ഫെബ്രുവരി 26 -നാണ് മനോഹരൻ മദ്യം ഇനി കഴിക്കുന്നില്ല എന്ന് തീരുമാനം എടുത്തത്. ആ തീരുമാനം അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. ഒരു വർഷമായി മനോഹരൻ മദ്യം കഴിക്കുന്നേ ഇല്ല. ലഹരിയില്ലായ്മയുടെ ഒരു വർഷം ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ചിത്രം വച്ച പോസ്റ്ററുകളും മനോഹരൻ പതിച്ചു. അതിൽ എങ്ങനെയാണ് മദ്യം ആളുകളുടെയും കുടുംബത്തിന്റെയും സമാധാനം തകർക്കുന്നത് എന്നും സൂചിപ്പിക്കുന്നു.
മദ്യപാനം എന്നാൽ മരണത്തെ വിളിച്ചു വരുത്തലാണ്, മദ്യം ഉപയോഗിക്കുന്നത് നിർത്തുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കും എന്നും മനോഹരൻ പറയുന്നു. മദ്യപാനം കൊണ്ട് തനിക്ക് നാട്ടിൽ മാത്രമല്ല, സ്വന്തം വീട്ടിലും ബഹുമാനം കിട്ടാതെയായി. ഓരോ ദിവസവും താൻ മുന്നൂറും നാന്നൂറും രൂപയാണ് മദ്യത്തിന് വേണ്ടി ചെലവഴിച്ചിരുന്നത്. അവസാനം സ്വന്തം വീട് പോലും വിൽക്കേണ്ടി വരും എന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. അങ്ങനെ തനിക്ക് മദ്യപാനം നിർത്തേണ്ടുന്ന അവസ്ഥയായി. എന്നാൽ, അതിന് ശേഷം വീട്ടിലും നാട്ടിലും തനിക്ക് ബഹുമാനം കിട്ടി. തന്റെ ആരോഗ്യം മെച്ചപ്പെട്ടു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താൻ ഇക്കാര്യം മറ്റുള്ളവരോടും പറയുന്നത് എന്നും മനോഹരൻ മാധ്യമങ്ങളോട് പറഞ്ഞു.