ദില്ലി: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി കൈവിട്ടതിന് പിന്നാലെ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് കമിന്‍സ് രാജ്യത്തേക് മടങ്ങുന്നത്. ഏതാനും ദിവം കുടുംബത്തോടൊപ്പം ചെലവഴിച്ചശേഷം മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പ് കമിന്‍സ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കുടംബാംഗത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് കമിന്‍സ് നാട്ടിലേക്ക് മടങ്ങുന്നത് എന്നാണ് സൂചന. മൂന്നാം ടെസ്റ്റിന് മുമ്പ് കമിന്‍സ് തിരിച്ചെത്തിയില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയ സ്മിത്ത് മൂന്നാം ടെസ്റ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ഓസ്ട്രേലിയക്ക് അനിവാര്യമാണ്.പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ദയനീയ തോല്‍വി വഴങ്ങിയ ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി തുടര്‍ച്ചയായ നാലാം വട്ടവും കൈവിട്ടു കഴിഞ്ഞു. ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നിന് മൂന്നാം ടെസ്റ്റും അഹമ്മദാബാദില്‍ മാര്‍ച്ച് ഒമ്പതിന് നാലാം ടെസ്റ്റും നടക്കും. ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ ഒന്നില്‍ ജയിച്ചാലെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനാവു.
നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ദില്ലിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചു. ദില്ലി ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മികച്ച നിലയിലായിരുന്ന ഓസ്ട്രേലിയ മൂന്നാം ദിനം ആദ്യ സെഷനില്‍ അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 60-1 എന്ന നിലയില്‍ ക്രീസ് വിട്ട ഓസീസ് 113 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിനെ എറിഞ്ഞിട്ടത്.