പത്തനംതിട്ട: പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ടാരോപണത്തില്‍ യുഡിഎഫിന് മറുആരോപണവുമായി സിപിഎം. യുഡിഎഫ് ആണ് കള്ളവോട്ട് ചെയ്തതെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി എ. സുരേഷ് കുമാർ ഇക്കാര്യം തുറന്നുപറയുന്ന വീഡിയോയാണ് സിപിഎം പുറത്ത് വിട്ടത്. നേരത്തെ സിപിഎം അനുകൂലികള്‍ കള്ളവോട്ട് ചെയ്തുവെന്ന് വീഡിയോ സഹിതം പുറത്തുവിട്ട് യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ വീഡിയോ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് സിപിഎമ്മിന്‍റെ മറുപടി. ബാങ്ക് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലെ പ്രസംഗത്തിലാണ് കള്ളവോട്ട് ചെയ്ത കാര്യം സുരേഷ് പറയുന്നത്. കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഇവർക്ക് മാത്രമല്ല ഞങ്ങൾക്കും അറിയാം എന്ന് കാണിച്ചുകൊടുത്തു തെരഞ്ഞെടുപ്പ് ആണിതെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.
സിപിഎം അനുകൂലികൾ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടുകൊണ്ടാണ് നേരത്തെ യുഡിഎഫ് ആരോപണമുന്നയിച്ചത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമലും കള്ളവോട്ട് ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പത്തനംതിട്ട നഗര പരിധിയിലെ സഹകരണ ബാങ്കിൽ വോട്ടെടുപ്പ് നടന്നത്. നഗര പരിധിയിലുള്ളവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാൽ തിരുവല്ലയിൽ താമസിക്കുന്ന അമൽ ഇവിടെയെത്തി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അമൽ അഞ്ച് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ബാങ്ക് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് മാത്രമാണെത്തിയതെന്നാണ് അമലിന്റെ ആദ്യ വിശദീകരണം. ഇത് തള്ളുന്ന വീഡിയോ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്. പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം വിജയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കള്ളവോട്ട് ആരോപണവുമുയർന്നത്.