തിരുവനന്തപുരം: സർക്കാരും മുന്നണിയും ഒരാളിലേക്ക് ചുരുങ്ങിയതിന്‍റെ അപകടമാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും തിരഞ്ഞെടുപ്പ് ദിവസം രാവിലെ തന്നെ അത് തുറന്നു സമ്മതിക്കുകയും ചെയ്ത ഈ പി ജയരാജൻ മുന്നണി കൺവീനറായിരിക്കാൻ യോഗ്യനല്ലെന്നും അംഗങ്ങൾ തുറന്നടിച്ചു.
ഇ പി ജയരാജന്റെ അപക്വമായ നിലപാട് മുന്നണിയുടെ രാഷ്ട്രീയ വിശ്വാസ്യതയെ തന്നെ ബാധിച്ചു. ആര്‍. ലത ദേവി, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവരാണ് ഇ. പി ക്കെതിരെ കടുത്ത നിലപാടെടുത്തത്. ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന തൃശ്ശൂർ മേയറെ മാറ്റാൻ മുന്നണിക്ക് കത്ത് നൽകണമെന്നും ആവശ്യമുയർന്നു.
സർക്കാരിൻറെ മുൻഗണനകൾ പിഴച്ചതും അതുമൂലം ക്ഷേമപദ്ധതികൾ മുടങ്ങിയതും ആണ് തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധവികാരം സൃഷ്ടിച്ചതെന്ന് നിർവാഹക സമിതിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കൗൺസിലിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.സർക്കാരിന്റെ മുൻഗണനകളിൽ അടിയന്തരമായ തിരുത്തൽ വേണം. പിണറായി വിജയനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പാർട്ടിയുടെ വിവിധ തലങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നെങ്കിലു൦ റിപ്പോർട്ടിൽ വ്യക്തിപരമായ വിമർശനം ഇല്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരും ഈ സർക്കാരും തമ്മിലുള്ള വ്യത്യാസം ക്ഷേമ പെൻഷനും സപ്ലൈകോ വഴിയുള്ള അവശ്യസാധന ലഭ്യതയും മുടങ്ങിയതാണെന്നും അന്നും പിണറായി വിജയൻറെ ശൈലി ഇതുതന്നെയായിരുന്നെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവ കേരള സദസ്സ് മൂലം ദോഷമാണ് ഉണ്ടായത്. അതിനുപകരം ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എൽഡിഎഫിന്റെ രാഷ്ട്രീയ ജാഥയാണു സംഘടിപ്പിക്കേണ്ടിയിരുന്നതെന്നും അഭിപ്രായമുയർന്നു.ബിജെപി വളർച്ച അപകടകരമാണെന്ന് വിലയിരുത്തുമ്പോൾ തന്നെ തൃശ്ശൂരിലെ ജയം സുരേഷ് ഗോപി അഞ്ചുവർഷം അവിടെ തമ്പടിച്ച് നടത്തിയ പ്രവർത്തന പ്രചാരണങ്ങളുടെയും പണമൊഴുക്കിന്റെയും ജയമെന്നാണ് പാർട്ടി വിലയിരുത്തൽ .