തിരുവനന്തപുരം: നിയമനകോഴ കേസിൽ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഗൂഡാലോചന തെളിയാക്കാനാകാതെ പൊലിസ്. മുഖ്യസൂത്രധാരൻ ബാസിത്തും, മറ്റൊരു പ്രതിയായ അഖിൽ സജീവും പരസ്പരവിരുദ്ധമായ മൊഴികള്‍ നൽകിയതോടെ ഗൂഡാലോചനക്ക് പിന്നിര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ഒളിവിലുള്ള പ്രതി ലെനിനെ കൂടി പിടികൂടിയാൽ മാത്രമേ ഗൂഡാലോനയിൽ വ്യക്തത വരൂ എന്നാണ് പൊലിസ് പറയുന്നത്.
ആരോഗ്യ മന്ത്രിയുടെ പി.എ അഖിൽ മാത്യു ഒരു ലക്ഷം കോഴ വാങ്ങിയെന്ന പരാതി ഉന്നയിക്കാൻ ആവശ്യപ്പെട്ടത് അറസ്റ്റിലായ ബാസിത്ത് ആണെന്നാണ് ഹരിദാസന്റെ മൊഴി. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അഖിൽ മാത്യുവിനെതിരെ ആവർത്തിച്ച് കോഴ ആരോപണം ഉന്നയിക്കാനായി ഹരിദാസിനോട് ബാസത്തിന് ആവശ്യപ്പെട്ടതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് പൊലിസിന്റെ സംശയം. അഖിൽ മാത്യു എന്ന പേരില്‍ ഒരു പി.എ മന്ത്രിക്ക് ഉണ്ടെന്ന് ബാസിത്തിനോടും രണ്ടാം പ്രതി ലെനിനോടും പറഞ്ഞത് അഖിൽ സജീവനാണ്. പക്ഷെ പി.എക്കെതിരെ ആരോപണം ഉന്നയിക്കാൻ അഖിൽ സജീവ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലിസ് നിഗമനം.
കാരണം കോഴ ആരോപണം ഉന്നയിക്കുമ്പോള്‍ ബാസിത്തും ലെനിനുമായി തെറ്റിയ അഖിൽ സജീവൻ ചെന്നൈയിലേക്ക് പോയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ പിണങ്ങിയപ്പോള്‍ അഖിൽ സജീവനെ ബാസിത്തും ലെനിനും ചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഇനിയും പിടികൂടാനുള്ള കേസിലെ രണ്ടാം പ്രതിയും മുൻ എസ്എഫ്ഐ പ്രവർത്തകനും കൂടിയായ ലെനിൻ രാജാണ് മന്ത്രിയുടെ പിഎയുടെ പേര് ഉന്നയിക്കാൻ ആവശ്യപ്പെട്ടതെന്നാണ് ബാസിത്ത് പൊലിസിനോട് പറയുന്നത്. മന്ത്രിയുടെ പിഎക്കെതിരെ പരാതി എഴുതി തയ്യാറാക്കിയതും താനാണെന്ന് ബാസിത്ത് സമ്മതിച്ചിട്ടുണ്ട്.
മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍ അറിമായിരുന്നിട്ടും എന്തിനാണ് വ്യാജ മൊഴി നൽകാൻ ഹരിദാസിനെ ഗൂഡാലോന സംഘം ഭീഷണിപ്പെടുത്തിയതെന്ന ചോദ്യത്തിന് പൊലിസിന് ഉത്തരമില്ല. ഇനിയും ചോദ്യം ചെയ്യലുകള്‍ തുടരുമെന്ന് അന്വേഷണ സംഘം പറയുന്നു. ഒളിവിലുള്ള ലെനിനെ കണ്ടെത്താനും ഇതേവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. നിയമനത്തിന് കോഴ വാങ്ങിയതിനും വ്യാജ ഉത്തരവ് നൽകിയതിനും തെളിവ് പൊലിസിന് ലഭിച്ചിട്ടുണ്ട്. പക്ഷെ സർക്കാരിനെതരെ എന്തിന് ഗൂഡാലോചന നടത്തിയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയാലേ കുറ്റപത്രം സമർപ്പിക്കാൻ പൊലിസിന് കഴിയൂ.