ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് സമ്മർദമേറുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഓസ്ട്രേലിയൻ മലയാളികൾ ഈആവശ്യം ഉന്നയിച്ചുവരികയാണെങ്കിലും ജനപ്രതിനിധികളും വ്യോമയാന വകുപ്പ് ഉന്നതരും ഇത് അവഗണിക്കുകയായിരുന്നു.
വ്യോമയാന – വിദേശകാര്യ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായിരിക്കെ ഓസ്ട്രേലിയ സന്ദർശിച്ച വയലാർ രവി കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖാപനം നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല .മലയാളി കുടിയേറ്റം കുത്തനെ ഉയർന്നിരിക്കുന്ന ക്യുൻസ്ലൻഡിലെ മലയാളികളാണ് ഓസ്ട്രേലിയയിൽ ഇപ്പോൾ ഏറെ യാത്രാ ദുരിതം അനുഭവിക്കുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയിട്ടുള്ളവർ അടക്കം ആയിരങ്ങൾ ഇതുമൂലം അടിയന്തിര സാഹചര്യങ്ങളിൽ പോലും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയാണ്.
സിങ്കപ്പുർ എയർ മാത്രമാണ് ബ്രിസ്ബേനിൽ നിന്നും ഇപ്പോൾ കേരളത്തിലേക്ക് സൗകര്യപ്രദമായി സർവീസ് നടത്തുന്നുള്ളു. മലിൻഡോ, വിയറ്റ് ജെറ്റ് എന്നീ ബജറ്റ് എയർ ലൈനുകൾ ഉണ്ടെങ്കിലും യാത്രക്കാർക്ക് അവയുടെ സർവീസുകൾ ഉപയോഗിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കണം.
കോവിഡ് കാലത്ത് നിർത്തിയ മലേഷ്യൻ എയർ സർവീസ് പുനരാരംഭിച്ചിട്ടുമില്ല. ഗോൾഡ് കോസ്റ്റിൽ നിന്നും സിംഗപ്പുർ വഴിയുള്ള സ്ക്കൂട്ടും സർവീസ് നിർത്തുകയാണ്.ബ്രിസ്ബേനിലെ ഈ ദുരവസ്ഥ വിമാന കമ്പനികൾക്ക് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. എയർ ലൈനുകളുടെ മത്സരമില്ലാത്തതിനാൽ മുൻപ് ഉണ്ടായിരുന്ന ഓഫ് സീസൺ ആനുകൂല്യവും ഇപ്പോൾ ബ്രിസ്ബേനിൽ ഇല്ല.ബ്രിസ്ബേനിൽ നിന്നും വളരെ ഉയർന്ന നിരക്കാണ് കൊച്ചിയിലേക്ക് ഇപ്പോൾ ഈടാക്കുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണമെങ്കിൽ പത്തും അതിലധികവും മണിക്കുറുകൾ ട്രാൻസിറ്റിനായി വിവിധസ്ഥലങ്ങളിൽ കാത്തിരിക്കണം. കുടുംബമായി യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറ്റവുമധികം ദുരിതത്തിലാക്കുന്നത്.
അതേ സമയം സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽനിന്നും എയർ ഇന്ത്യ, ക്വാന്റാസ്, ശ്രീലങ്കൻ എയർ തുടങ്ങിയ കമ്പനികൾ ഇന്ത്യയിലെ ഇതര നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. തൻമൂലം യാത്രാ നിരക്ക് ഇവിടെങ്ങളിൽ നിന്നുംകുറവാണ്.ലോക വിനോദ സഞ്ചാര മാപ്പിൽ കേരളം ഇടംകണ്ടെത്തിയ അനുകൂല സാഹചര്യം ഓസ്ട്രേലിയയിലും ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെത്താൻ അനുഭവിക്കുന്ന പ്രയാസമാണ് ഇതിന് തടസം നിൽക്കുന്നത്.ഈ സഹചര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി വിവിധ സാംസ്കാരിക സംഘടനകളും അസോസിയേഷനുകളും രംഗത്തെത്തി. കേന്ദ്രമന്ത്രാലയങ്ങൾക്കും വിവിധ വിമാന കമ്പനികൾക്കും കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം ജനപ്രതിനിധികൾക്കും നിവേദനങ്ങളും മറ്റും നൽകാനുള്ള നടപടികളും ആരംഭിച്ചു.
ബ്രിസ്ബേൻ ഒളിമ്പിക്സിനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്യുൻസ്ലൻഡ് മലയാളികൾ.