സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി കരിക്കംപള്ളിൽ താമസിക്കുന്ന ലോകപ്രശസ്ത വിദ്യാഭ്യാസ ചിന്തകനും, പണ്ഡിതനും, അധ്യാപകനും, എഴുത്തുകാരനുമായ പ്രൊഫസർ ഡോക്ടർ ടി.സി. ജോർജ് (ജോർജുകുട്ടി – 94) അന്തരിച്ചു.
1961ൽ കേരളത്തിൽ നിന്ന് പ്രവാസ ജീവിതം ആരംഭിച്ച അദ്ദേഹം സിഡ്നിയിലെ ആദ്യകാല മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു. സിഡ്നിയിലെ മലയാളി സമൂഹത്തിൽ ഏറെ പരിചിതനും സ്നേഹിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയുമായിരുന്നു അദ്ദേഹം. കേരള നാദം സാഹിത്യ പ്രസിദ്ധീകരണവുമായി സഹകരിച്ച് പ്രവർത്തിച്ച അദ്ദേഹം ഒരു സജീവ സാഹിത്യ പ്രവർത്തകനുമായിരുന്നു.
അദ്ദേഹത്തിൻ്റെ സംസ്കാരം 2025 മെയ് 16ന് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് സിഡ്നിയിലെ സെൻ്റ് പോൾസ് കാത്തലിക് ചർച്ചിൽ നടക്കും.
എടത്വ കരിക്കംപള്ളിൽ തൊള്ളായിരത്തിൽ കുടുംബാംഗവും സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ടി.വി. ചാക്കോയുടെയും (ചാക്കോച്ചി) ചങ്ങനാശ്ശേരി തോട്ടാശേരി ത്രേസ്യാക്കുട്ടിയുടെയും മകനാണ് ഡോ. ടി.സി. ജോർജ്.
ഭാര്യ: പാലാ ചെട്ടിപ്പറമ്പിൽ കുടുംബാംഗമായ എത്സമ്മ. അവർ നൈജീരിയയിലും ടാൻസാനിയയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: തെരേസ, ആനിമേരി, എലിസബത്ത്, കരോളിൻ.
സഹോദരങ്ങൾ: അന്നമ്മ, മേരിക്കുട്ടി, ലില്ലിക്കുട്ടി, വത്സമ്മ, ഗ്രേസിക്കുട്ടി എന്നിവരാണ്.































