ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ജെറ്റ് ഇന്ധനം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ക്യു-എട്ട് ഏവിയേഷന്‍ കരസ്ഥമാക്കിയതായി ഏവിയേഷന്‍ പ്ലാനിങ് ആൻഡ് ഫിനാൻസ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് വലീദ് അല്‍ ബെൻ അലി അറിയിച്ചു.കുവൈത്ത് പെട്രോളിയം ഇന്റര്‍നാഷനലിന്റെ ഉപസ്ഥാപനമാണ് ക്യു-എട്ട് ഏവിയേഷന്‍.
നേരത്തേ സിഡ്‌നി എയര്‍പോര്‍ട്ടിലും ഇന്ധനം നിറക്കുന്നതിനുള്ള കരാര്‍ ക്യു-എട്ട് ഏവിയേഷന് ലഭിച്ചിരുന്നു. ആസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ വിമാനത്താവളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടെ ജെറ്റ് ഇന്ധന വിപണിയിലെ പ്രധാന വിതരണക്കാരായി മാറാന്‍ ക്യു-എട്ട് ഏവിയേഷന് കഴിയുമെന്ന് കുവൈത്ത് പെട്രോളിയം സി.ഇ.ഒ ഷാഫി അല്‍ അജ്മി പറഞ്ഞു. 1983ലാണ് ക്യു-എട്ട് ഏവിയേഷന്‍ സ്ഥാപിതമായത്. നിലവില്‍ യൂറോപ്പിലുടനീളം 4700ലധികം സര്‍വിസ് സ്റ്റേഷനുകളും പ്രധാന എയര്‍പോര്‍ട്ട് ഹബ്ബുകളില്‍ 70ലധികം എയര്‍ലൈനുകള്‍ക്ക് ജെറ്റ് ഇന്ധനവും കമ്ബനി നല്‍കുന്നുണ്ട്.