ഇപ്സ്വിച്ച് (ക്വീൻസ്‌ലാൻഡ്) : ശനിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തിയിരുന്ന ഇപ്സ്വിച്ച് റിവർ ഡ്രാഗൺ ബോട്ട് ക്ലബിന്റെയും ഇപ്സ്വിച്ച് ചുണ്ടൻ ടീമിന്റെയും പതിവ് രാത്രിപരിശീലനം അപ്രതീക്ഷിതമായി ഒരു ജീവൻ രക്ഷാ ദൗത്യമായി മാറി.
പുലർച്ചെക്കു തൊട്ടുമുൻപ് ബ്രെമർ നദിയിലെ ഇരുണ്ടവും ഒറ്റപ്പെട്ടതുമായ ഭാഗത്ത് പരിശീലനം നടത്തുന്ന സമയത്താണ് സംഘം സഹായത്തിനായി നിലവിളി കേട്ടത്. ആദ്യം ആരെങ്കിലും കളിയാക്കുന്ന ശബ്ദമെന്നു കരുതിയെങ്കിലും, വീണ്ടും കേട്ടപ്പോൾ അത് ഭീതിയോടെ സഹായം തേടുന്ന സ്ത്രീയുടെ നിലവിളി ആണെന്ന് തിരിച്ചറിഞ്ഞു.തുടർന്ന് സ്വീപ്പ് ഡ്രൈവർ ആഞ്ചല ശബ്ദത്തിന്റെ ദിശയിലേക്ക് 20 മീറ്റർ നീളമുള്ള ഡ്രാഗൺ ബോട്ട് തിരിച്ചു. അവിടെ, 50 വയസ്സോളം പ്രായമുള്ള ഒരു സ്ത്രീയെ അരക്കൊപ്പം വെള്ളത്തിൽ ചളിയിൽ പൂണ്ട് നടുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടു.ചെറിയ വ്യക്തിഗത വള്ളത്തിൽ യാത്രതിരിച്ച ആ സ്ത്രീ, ഒരു ക്ലിപ്പ് ശരിയാക്കുന്നതിനിടെ വഴുതി വെള്ളത്തിലേക്ക് വീണതാണെന്നാണ് പരിശോധനയിൽ മനസ്സിലായതെന്ന് സംഘം വ്യക്തമാക്കി. പിന്നീട് തിരികെ കയറാൻ കഴിയാതെ, ഏറെ നേരം വെള്ളത്തിൽ അവർ പൊങ്ങിക്കിടക്കുകയായിരുന്നു.
“അവർ പൂർണമായും തളർന്നും തണുത്തും പോയിരുന്നു. സമയത്ത് സഹായം കിട്ടാതിരുന്നെങ്കിൽ അപകടം സംഭവിക്കുമായിരുന്നു,” എന്ന് ലീഡ് പാഡ്ലർ വിനു ചാക്കോ പറഞ്ഞു.സ്ത്രീയെ സൂക്ഷിച്ച് ബോട്ടിലേക്ക് കയറ്റി, ഉണങ്ങിയ വസ്ത്രങ്ങൾ കൊടുത്ത് ഹൈപ്പോതെർമിയ ഒഴിവാക്കാൻ അംഗങ്ങൾ ശ്രമിച്ചു. പിന്നീട് അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെടുകയും, അടുത്ത ബോട്ട് റാമ്പിൽ ആംബുലൻസ് എത്തിക്കാനുള്ള സംവിധാനങ്ങൾ ക്രമീകരിക്കുകയും ചെയ്തു .എന്നാൽ രണ്ടു കിലോമീറ്റർ ദൂരം കടന്ന് റാമ്പിലെത്തിക്കുക എന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ തായിരിന്നുവെന്നും ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടു കിലോമീറ്ററായിരുന്നു അതെന്നും വിനു വിൻസെന്റ് വ്യക്തമാക്കി.
ടീമിന്റെ ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെ അവർ സ്ത്രീയെ സുരക്ഷിതമായി റാമ്പിലെത്തിക്കുകയും, അവിടെ കാത്തിരുന്ന പാരാമെഡിക്കുകൾ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ത്രീയുടെ നില സ്ഥിരമാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.സഹായം ആവശ്യമുണ്ടായിരുന്ന ഒരാളുടെ അടുത്ത്, ശരിയായ സമയത്ത്, തങ്ങൾ ഉണ്ടായിരുന്നതിൽ എല്ലാവർക്കും അഭിമാനമുണ്ടെന്ന് അംഗങ്ങളിലൊരാളായ ആഞ്ചല വികാരത്തോടെ പറഞ്ഞു.































