ഡബ്ലിൻ: വിദേശ നഴ്‌സുമാരില്‍ നിന്ന് അയർലൻഡിലെ നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്യുന്നതിന് മലയാളികളായ പ്രാദേശിക കൗണ്‍സിലര്‍മാർ പണം ഈടാക്കിയെന്ന് ആരോപണം. അയർലൻഡിലെ ഭരണകക്ഷി മുന്നണിയിലെ ഫിനഗേൽ പാർട്ടി അംഗങ്ങളായ ബേബി പെരേപ്പാടന്‍, മകന്‍ ബ്രിട്ടോ പെരേപ്പാടന്‍ എന്നിവർക്കെതിരെയാണ് ആരോപണം. കുടിയേറ്റ നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന ഏജന്‍സികള്‍ നിയമവിരുദ്ധമായ ഏജന്‍സി ഫീസ് ഈടാക്കുന്നത് അയര്‍ലൻഡിൽ കുറ്റകരമാണ്. എന്നാൽ കൗൺസിലർമാർ ഉൾപ്പെടുന്നുവെന്ന് ആരോപണമുള്ള എയ്ഞ്ചല്‍ കെയര്‍ കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് എന്ന റിക്രൂട്ടിങ് കമ്പനി ഏജന്‍സി ഫീസ് ഈടാക്കിയതിനെ കുറിച്ച് മൂന്ന് കുടിയേറ്റ നഴ്‌സുമാരാണ് പരാതിപ്പെട്ടത്.
ഇവരില്‍ നിന്നും ചെലവുകള്‍ക്ക് ഉള്ള പണത്തിന് പുറമേ, വീസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ്, റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് അയര്‍ലൻഡ് (ആര്‍സിഎസ്ഐ) അഭിരുചി പരീക്ഷ, ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യ പരീക്ഷ, വിമാന ടിക്കറ്റുകള്‍ എന്നിവയ്ക്കും പണം വാങ്ങിച്ചതായാണ് ആരോപണം. നിയമവിരുദ്ധമായി 3000 യൂറോ (ഏകദേശം മൂന്ന് ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യം) വീതം ഈടാക്കിയെന്നാണ് ആരോപണം.
ഫിനഗേൽ പാർട്ടി അംഗങ്ങളായ ബേബി പെരേപ്പാടന്‍, മകന്‍ ബ്രിട്ടോ പെരേപ്പാടന്‍ എന്നിവർ.
ബേബിയുടെ മകന്‍ ബ്രിട്ടോ പെരേപ്പാടന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ഒരു നഴ്സ് റിക്രൂട്ട്‌മെന്റ് ഫീസ് നല്‍കിയതെന്നാണ് ആരോപണം. എന്നാൽ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ മുൻ മേയർ കൂടിയായ ബേബി പെരേപ്പാടനും കൗൺസിലർ ബ്രിട്ടോ പെരേപ്പാടനും ആരോപണങ്ങൾ നിഷേധിച്ചു. ഇരുവരും കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശികളാണ്.
സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും റിക്രൂട്ടിങ് ഏജൻസികൾ തമ്മിലുള്ള മത്സരങ്ങൾക്കിടയിൽ തന്നെ മനഃപൂർവ്വം ഇരയാക്കാനുള്ള ശ്രമം ആണെന്നും ബേബി പെരേപ്പാടൻ പറഞ്ഞു. താൻ നഴ്സിങ് റിക്രൂട്ടിങ് ഏജൻസി മുൻപ് നടത്തിയിരുന്നുവെന്നും ഇപ്പോൾ അതിന്റെ ഭാഗമല്ലെന്നും ബേബി പെരേപ്പാടൻ പറഞ്ഞു. റിക്രൂട്ടിങ് സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം നടന്ന ഇടപാടുകളാണ് മാധ്യമങ്ങളിൽ വന്ന ആരോപണമെന്നും ബേബി പെരേപ്പാടൻ പറയുന്നു.
റിക്രൂട്ടിങ് ഏജൻസിയുടെ ഉടമയായ ബാബു വാളൂരാന്റെ നാട്ടിലെ വീട് പണിയ്ക്കായി തന്നോട് കടമായി ചോദിച്ച 3000 പൗണ്ട് തന്റെ മകൻ ബ്രിട്ടോ പെരേപ്പാടന്റെ അക്കൗണ്ടിലൂടെ തിരികെ നൽകിയതിനെയാണ് നഴ്സുമാർ പണം നൽകി എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതെന്നും ബേബി പെരേപ്പാടൻ പറഞ്ഞു.
എന്നാൽ ഇവർക്കെതിരെ നടപടിയ്ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും സമ്മർദമേറുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ നൽകുന്ന സൂചന. ബേബി പെരേപ്പാടന്‍ പങ്കാളിയായ എയ്ഞ്ചല്‍ കെയര്‍ കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ് എന്ന റിക്രൂട്ട്മെന്റ് കമ്പനിക്കെതിരെയാണ് മലയാളി നഴ്സുമാര്‍ ഗാര്‍ഡയ്ക്കും കേരള പൊലീസിനും പരാതി നല്‍കിയതെന്നാണ് റിപ്പോർട്ട്.
ഇതേ തുടര്‍ന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടി ഡി പോള്‍ മര്‍ഫിയും പ്രാദേശിക കൗണ്‍സിലര്‍മാരാരിൽ ചിലരും സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ എത്തിക്‌സ് റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിക്കണമെന്ന് ഇരു കൗൺസിലർമാരും അംഗങ്ങളായ ഫിനഗേല്‍ പാര്‍ട്ടി നേതൃത്വത്തോടും പിബിപി നേതാവ് മര്‍ഫി ആവശ്യപ്പെട്ടു. ഏഞ്ചല്‍ കെയര്‍ കണ്‍സള്‍ട്ടന്‍സിയുമായും മറ്റ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായും ഇരു കൗൺസിലർമാർക്കുമുള്ള ബന്ധത്തെക്കുറിച്ച് പൂര്‍ണ്ണമായി ഉത്തരം നല്‍കണമെന്നും പീപ്പിള്‍ ബിഫോര്‍ ആവശ്യപ്പെട്ടു.































