പാരിസ്: ചരിത്രത്തിലിടം നേടിയ ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ പാരീസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം. ഒളിമ്പിക്സിൽ അതിഥിയായെത്തിയ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം സീക്കോയെ കൊള്ളയടിച്ചു. സീക്കോയുടെ കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങളും ആഡംബര വാച്ചും പണവും ഉൾപ്പെടുന്ന സ്യൂട്ട്കേസാണ് കാറിൽനിന്ന് മോഷ്‌ടാക്കൾ അപഹരിച്ചത്. ഏകദേശം നാലരക്കോടിയോളം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്.
ബ്രസീൽ ഒളിമ്പിക് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സിക്കോ കഴിഞ്ഞ ദിവസം പാരിസിലെത്തിയത്. ടാക്സി കാറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണം നടന്നത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച ശേഷം താരത്തിന്റെ ബാഗ് തട്ടിയെടുക്കുകയായിരുന്നെന്നാണു വിവരം. നിർത്തിയിട്ടിരുന്ന കാറിൻ്റെ ഗ്ലാസ് താഴ്ത്തി ഇട്ടതാണ് താരത്തിന് വിനയായത്.
സിക്കോയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. ഒളിമ്പിക്‌സ് തിരക്കുകളിലുള്ള പാരിസ് നഗരത്തിൽ നിരവധി പേരാണ് മോഷണ പരാതികളുമായി പൊലീസിനെ സമീപിക്കുന്നത്.
ദിവസങ്ങൾക്കു മുമ്പ് ഓസ്ട്രേലിയൻ മാധ്യമമായ ചാനൽ നയനു (9) വേണ്ടി ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യാൻ പാരിസിലെത്തിയ മാധ്യമ സംഘവും കവർച്ചയ്ക്ക് ഇരയായിരുന്നു. കവർച്ചയ്ക്കിടെ ചാനലിന്റെ രണ്ട് ജീവനക്കാരെ മോഷ്‌ടാക്കൾ ആക്രമിക്കുകയും ചെയ്തു. ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
ഓസ്ട്രേലിയൻ താരവും 2020ലെ സ്വർണ മെഡൽ ജേതാവുമായ ബിഎംഎക്സസ് സൈക്ലിസ്റ്റ് ലോഗൻ ബാർട്ടിൻ തന്റെ മത്സരത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊള്ളയടിക്കപ്പെട്ടു. വാലറ്റും ബാക്ക്പാക്കും ഉൾപ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം അർജന്റീനയുടെ ഫുട്ബോൾ ക്യാമ്പിലും മോഷ്‌ടാവ് കയറിയിരുന്നു. ഫുട്ബോൾ താരങ്ങളുടെ ആഡംബര വാച്ചുകളും മൊബൈൽ ഫോണുകളുമാണ് മോഷ്‌ടാക്കൾ കൊണ്ടുപോയത്. മൊറോക്കോയ്ക്കെതിരായ ഒളിമ്പിക് ഫുട്‌ബോൾ ഉദ്ഘാടന മത്സരത്തിനു തൊട്ടുമുൻപായിരുന്നു സംഭവം. മത്സരം ശേഷം അർജൻറീന പരിശീലകൻ ഹാവിയർ മഷറാനോയാണ് ഇക്കാര്യം അറിയിച്ചത്. ഒളിംപിക് ഗെയിംസിനിടെ മോഷണമുണ്ടായതിൽ സംഘാടകർക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതിഷേധിച്ചത്. അർജന്റീന സംഘം ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
ഒളിമ്പിക്സിനിടെ കവർച്ച വർധിച്ചത് ഫ്രാൻസിനും വലിയ നാണക്കേടായിരിക്കുകയാണ്.






























