ടിബ്‌ലിസി: മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്താനും സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും ലക്ഷ്യമിടുന്ന വിവാദ നിയമത്തിനെതിരേ ജോര്‍ജിയയില്‍ വന്‍ പ്രതിഷേധം.
കരടുബില്‍ അംഗീകരിക്കപ്പെട്ടതിനു പിന്നാലെ പാര്‍ലമെന്‍റിനു മുന്നിലേക്കു മാര്‍ച്ച് നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് കുരുമുളക് സ്പ്രേയും ജലപീരങ്കിയും പ്രയോഗിച്ചു. 50 പോലീസുകാര്‍ക്കു പരിക്കേറ്റതായി സര്‍ക്കാര്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് സുരാബ് ജപ്പാരിഡ്സേ അടക്കം 66 പേര്‍ അറസ്റ്റിലായി.
രാജ്യത്തിനു പുറത്തുനിന്ന് 20 ശതമാനത്തിലധികം ധനസഹായം സ്വീകരിക്കുന്ന മാധ്യമസ്ഥാപനങ്ങളെയും സര്‍ക്കാരിതര സന്നദ്ധസംഘടനകളെയും വിദേശ ഏജന്‍റ് എന്നു മുദ്രകുത്താനും കനത്ത പിഴ ഈടാക്കാനുമാണു ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്. റഷ്യയില്‍ 2012ല്‍ കൊണ്ടുവന്ന വിദേശ ഏജന്‍റ് നിയമത്തിനു തുല്യമാണിത്. ബലാറൂസ്, താജിക്കിസ്ഥാന്‍, അസര്‍ബൈജാന്‍ തുടങ്ങിയ മുന്‍ സോവ്യറ്റ് രാജ്യങ്ങളിലും ഇത്തരം നിയമങ്ങളുണ്ട്.
റഷ്യന്‍ മാതൃകയിലുള്ള നിയമം ഏകാധിപത്യത്തിലേക്കു നീങ്ങുന്നതിന്‍റെ തുടക്കമാണെന്നും യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ജോര്‍ജിയയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
സോവ്യറ്റ് യൂണിയന്‍ തകര്‍ന്നശേഷം സ്വാതന്ത്ര്യം പ്രാപിച്ച ജോര്‍ജിയയില്‍ റഷ്യന്‍ പട്ടാളം 2008ല്‍ അധിനിവേശം നടത്തി തെക്കന്‍ ഒസെത്തിയ, അബ്കാസിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജോര്‍ജിയന്‍ പ്രസിഡന്‍റ് സലോം സൗരബിച്ച്‌വിലിയുടെ ഡ്രീം പാര്‍ട്ടിക്ക് കടുത്ത റഷ്യന്‍ പക്ഷപാതമുള്ളതായി ആരോപിക്കപ്പെടുന്നു.
ജോര്‍ജിയയിലെ നിയമത്തിനെതിരേ അമേരിക്കയും യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നിട്ടുണ്ട്.