ഭോപ്പാല്‍: 18 കാരിയായ മകളേയും 21 കാരനായ കാമുകനേയും വെടിവച്ച് കൊന്ന് മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണ സംഭവം നടന്നത്. ജൂണ്‍ മൂന്നിന് മകള്‍ ശിവാനി തോമര്‍ എന്ന പെണ്‍കുട്ടിയം രാധേശ്യാം തോമര്‍ എന്ന യുവാവുമാണ് കൊല്ലപ്പെട്ടത്. മോറേനയിലെ രത്തന്‍ബാസി ഗ്രാമവാസിയായിരുന്നു പെണ്‍കുട്ടി. അടുത്ത ഗ്രാമമായ ബാലുപുയിലെ യുവാവുമായി പെണ്‍കുട്ടിയുടെ പ്രണയ ബന്ധം വീട്ടുകാര്‍ വിലക്കിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിലക്ക് കമിതാക്കള്‍ പരിഗണിക്കാതെ ബന്ധം തുടരുകയായിരുന്നു. ജൂണ്‍ മൂന്നിനാണ് യുവാവിനെ കാണാതാവുന്നത്. ഇതേദിവസം തന്നെ ശിവാനിയെ കാണുന്നില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇരുവരും എതിര്‍പ്പുകള്‍ ഭയന്ന് ഒളിച്ചോടിയെന്നായിരുന്നു യുവാവിന്‍റെ വീട്ടുകാര്‍ ധരിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരങ്ങളൊന്നുമില്ലാതെ വന്നതോടെ യുവാവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മകനേയും മകനുമായി ബന്ധം പുലര്‍ത്തിയ പെണ്‍കുട്ടിയേയും കാണാനില്ലെന്നുമുള്ള യുവാവിന്‍റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരങ്ങള്‍ പുറത്ത് വന്നത്.






























