‘ലോകത്തെ ആദ്യത്തെ സെക്‌സ് ചാമ്ബ്യൻഷിപ്പ് സ്വീഡനില്‍’- പ്രമുഖ ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്.
സ്വീഡൻ സെക്‌സിനെ കായിക ഇനമായി അംഗീകരിച്ചു എന്നും മികച്ചവരെ കണ്ടെത്താൻ ടൂര്‍ണമെന്റ് നടത്തുന്നു എന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗോഥെൻബര്‍ഗില്‍ ജൂണ്‍ എട്ടിനാണ് ചാമ്ബ്യൻഷിപ്പ് ആരംഭിക്കുന്നത് എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പാകിസ്താൻ, ഗ്രീക്ക്, ജര്‍മനി, ദക്ഷിണാഫ്രിക്ക, നൈജീരിയ രാഷ്ട്രങ്ങളിലെ വെബ്‌സൈറ്റുകളും വാര്‍ത്ത പ്രസിദ്ധീകരിച്ചു. സെക്‌സിനെ ഒരു കായിക ഇനമാക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് എന്നാണ് ജര്‍മൻ മാധ്യമസ്ഥാപനമായ ആര്‍ടിഎല്‍ ചോദിച്ചിരുന്നത്.അത്തരമൊരു ചാമ്ബ്യൻഷിപ്പിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് സ്വീഡൻ പറയുന്നത്. ‘ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരവും തെറ്റാണ്’ – എന്നാണ് സ്വീഡിഷ് സ്‌പോട്‌സ് ഫെഡറേഷൻ വക്താവ് അന്ന സെറ്റ്‌സ്മാൻ പ്രതികരിച്ചത്. പ്രമുഖ ജര്‍മൻ മാധ്യമമായ ഡിഡബ്ല്യൂ ന്യൂസ് ആണ് ഇവരുടെ പ്രതികരണം റിപ്പോര്‍ട്ടു ചെയ്തത്. ‘സ്വീഡനെ കുറിച്ചും സ്വീഡിഷ് സ്‌പോര്‍ട്‌സിനെ കുറിച്ചും ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇപ്പോള്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് ശക്തമായി നിഷേധിക്കുന്നു’ എന്നായിരുന്നു അവരുടെ വാക്കുകള്‍.
ഡ്രാഗൻ ബ്രാറ്റിക് എന്നു പേരുള്ള സ്വീഡിഷ് പൗരനാണ് ഈ നാടകങ്ങള്‍ക്കെല്ലാം പിന്നിലെന്ന് സ്വീഡനിലെ പ്രമുഖ പത്രം ഗോടെബോഗ്‌സ്-പോസ്റ്റണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സ്വീഡനില്‍ ധാരാളം സ്ട്രിപ് ക്ലബുകള്‍ നടത്തുന്ന ആളാണ് ബ്രാറ്റിക്. സെക്‌സിനെ കായിക ഇനമാക്കണമെന്ന് ഇയാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വീഡിഷ് സ്‌പോട്‌സ് കോണ്‍ഫെഡറേഷനില്‍ അംഗമാകാൻ ഈ വര്‍ഷം ജനുവരിയില്‍ ഇദ്ദേഹം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മെയില്‍ ആ അപേക്ഷ തള്ളുകയായിരുന്നു- പത്രം വ്യക്തമാക്കി.