തൊടുപുഴ: മറുനാടൻ മലയാളി ഓൺലൈൻ മീഡിയ ഉടമ ഷാജൻ സ്കറിയായെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ മങ്ങാട്ടുകവലയിലാണ് സംഭവം. മുതലക്കോടത്ത് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ ഷാജൻ്റെ കാറിൻ്റെ അരികിൽ മറ്റൊരു കാർ മനപൂർവം ഇടിപ്പിച്ചതായി പറയുന്നു. ഇത് അറിയാതെ സംഭവിച്ചതാണെന്ന് കരുതി കാർ നിർത്തി ഗ്ലാസ് താഴ്ത്തി നോക്കുന്നതിനിടെ പുറത്ത് എത്തിയ നാലംഗ സംഘം ഷാജൻ്റെ മൂക്കിലും ശരീരത്തും തുടരെ ഇടിക്കുകയായിരുന്നെന്ന് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു. മൂക്കിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജൻ.

വിവരം അറിഞ്ഞ് തൊടുപുഴ എസ്എച്ച്ഒ എസ് മേഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഷാജനെ ആദ്യം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ഷാജനെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുകയാണ്.
ഡിവൈഎഫ്ഐ പ്രവർത്തകരായ മാത്യൂസ് കൊല്ലപ്പിള്ളി, അൽത്താഫ്, ഷിയാസ്, അക്ബർ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പ്രതിയാക്ക് കേസ് എടുക്കും. മങ്ങാട്ടുകവലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഇന്നലെ ടി.എ.നസീർ ദിനത്തോട് അനുബന്ധിച്ച് സമ്മേളനം നടക്കുന്നതിനിടെയാണ് ആക്രമണം. ഷാജൻ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത് അറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.































