ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് ആരാധകരുടെ വക തള്ളും തല്ലും. ബുധനാഴ്ച ദുബായില്‍ നടന്ന ജുവല്ലറി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങാനൊരുങ്ങവെയാണ് കൂടെനിന്ന് ഫോട്ടോ എടുക്കാന്‍ എത്തിയ ആരാധകര്‍ കൂട്ടത്തോടെ ഷാക്കിബിനെ പൊതിഞ്ഞത്. ഇവരുടെ ഇടയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കവെയാണ് ഷാക്കിബിനെ ആരാധകരില്‍ ചിലര്‍ പിടിച്ചു തള്ളുന്നതും ഷാക്കിബിന് തല്ല് കിട്ടുന്നതും.
ആരാധകരുടെ തള്ളലില്‍ ഷാക്കിബ് നിലത്ത് വീഴാന്‍ പോവുന്നുമുണ്ട്. കഴിഞ്ഞ ദിവസം ധാക്കയിലെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴും ഷാക്കിബ് സമാനമായി ആരാധക കൂട്ടത്തിന് നടുവില്‍പ്പെട്ടിരുന്നു. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പരിപാടി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ഷാക്കിബിന് അടുത്തെത്താനായി ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ സുരക്ഷാ സംവിധാനങ്ങളെല്ലാം പാളി.ആരാധകക്കൂട്ടത്തിന് നടുവില്‍ പെട്ട ഷാക്കിബിന് കാറിന് സമീപത്തേക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. ഒടുവില്‍ പരിപാടി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ഷാക്കിബിന്‍റെ അടുത്തെത്തിയ ഒരു ആരാധകന്‍ തൊപ്പി തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷാക്കിബ് തൊപ്പി കൊണ്ട് ആരാധകനെ തല്ലിയത് വിവാദമായിരുന്നു.
എന്നാല്‍ ഇന്നലെ ആരാധകരുടെ തള്ളലും ഉണ്ടായിട്ടും ഷാക്കിബ് പ്രകോപിതനായില്ല.ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരിയശേഷമാണ് ബംഗ്ലാദേശ് ടി20 ടീമിന്‍റെ നായകന്‍ കൂടിയായ ഷാക്കിബ് സ്വകാര്യ ചടങ്ങിനായി ദുബായിലെത്തിയത്.