ഓസ്ട്രേലിയൻ മലയാളിയും പ്രമുഖ എഴുത്തുകാരനുമായ സിജു ജേക്കബിന്റെ ആദ്യ പുസ്തകമായ ‘പ്രണയാദരങ്ങളോടെ..’ വായനക്കാരുടെ നിരന്തരമായ പിന്തുണയോടെ മൂന്നാം പതിപ്പിലേക്ക് കടന്നിരിക്കുകയാണ്. 2025 മെയ് 21-ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ പ്രകാശനം ചെയ്ത ഈ പുസ്തകം, ഒരു മാസത്തിനുള്ളിൽ തന്നെ വലിയ സ്വീകാര്യത നേടി. ഓസ്ട്രേലിയയിലെ വായനയും എഴുത്തും ഇഷ്ടപ്പെടുന്നവർക്ക് ഒരു മുതൽക്കൂട്ടാകും ഈ പുസ്തകം.
ന്യൂസിലാൻഡ് മലയാളികൾക്ക് സുപരിചിതമായിരുന്ന കേരള നാട് പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന സിജു ജേക്കബിന്റെ ഈ ആദ്യ പുസ്തകം ഒരു പ്രണയകഥയുടെ ആഴങ്ങളിലേക്കും മനുഷ്യമനസ്സുകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരു കോട്ടയംകാരൻ വാരാണസിയിൽ വെച്ച് കണ്ടുമുട്ടുന്ന ഭസ്മ സുഗന്ധമുള്ള ആരുഷി എന്ന പെൺകുട്ടിയും അവർക്കിടയിലെ മാംസനിബദ്ധമല്ലാത്ത പ്രണയവുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
സ്വന്തമാക്കൽ മാത്രമല്ല, ഒരാളെ അയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാൻ വിടുന്നതും സ്നേഹമാണെന്ന് തിരിച്ചറിഞ്ഞ ആരുഷിയുടെ കഥ വായനക്കാരിൽ ആകാംഷ നിറയ്ക്കും.
എന്തിനാണ് അയാൾ വാരാണസിയിൽ എത്തിപ്പെട്ടത്? എങ്ങനെയാണ് അയാൾ ആരുഷിയെ കണ്ടത്? അയാൾക്കൊരു പ്രണയം ഉണ്ട് എന്നറിഞ്ഞിട്ടും എന്തിനാണ് ആരുഷി ഉപാധികളില്ലാതെ അയാളെ പ്രണയിച്ചത്? പ്രണയത്തിൽ എന്തെല്ലാമാണ് അവർ പങ്കുവെച്ചത്? ഒടുവിൽ പിരിഞ്ഞുപോകുമ്പോൾ, അവൾക്ക് താൻ വെറുതെ നൽകിയ ജ്ഞാനാംബിക എന്ന പേര് സത്യമാകുമെന്ന് അയാൾ വിചാരിച്ചിരുന്നോ? പിന്നീട് അയാൾ ആരുഷിയെ കണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം പുസ്തകത്തിലുണ്ട്.
68 രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള സിജു ജേക്കബ് ഇപ്പോൾ ഓസ്ട്രേലിയയിലെ ഓറഞ്ച് എന്ന സ്ഥലത്ത് ഭാര്യക്കും മകനുമൊത്ത് താമസിക്കുന്നു. ഓഫ് റോഡ് ഡ്രൈവിംഗ് രംഗത്ത് പ്രശസ്തനായ ഇദ്ദേഹത്തിന് അൻറാർട്ടിക്കയിലേക്കുള്ള ഒരു സന്ദർശനമാണ് അമ്മുവിൻ്റെ ഓർമ്മകളിലൂടെ എഴുത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. എഴുതുന്നതൊക്കെ അമ്മുവിനെക്കുറിച്ചായിരിക്കണം, അത് സത്യസന്ധമായിരിക്കണം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തെ ഇത്രയും കാലം ഗൗരവമായി എഴുത്തിൽ നിന്ന് മാറ്റിനിർത്തിയത്.
മാസങ്ങൾക്കുമുമ്പ് ഈ പുസ്തകം വായിച്ച മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പുസ്തകത്തെക്കുറിച്ച് പങ്കുവെച്ചത് ഇങ്ങനെയാണ്: “ഇതിനെ ഒരു യാത്രാവിവരണമെന്നോ, കേവലം അനുഭവങ്ങൾ പങ്കുവെക്കൽ എന്നോ വിശേഷിപ്പിക്കുന്നത് ക്രൂരതയാകും! ഇത് ശരിക്കും ഒരു നോവൽ പോലെ മനോഹരമാണ്! നമുക്കും പരിചിതമല്ലാത്ത സന്ദർഭങ്ങൾ! നമുക്കൊട്ടും പരിചിതമല്ലാത്ത പ്രണയം! സത്യസന്ധമായ ആവിഷ്കാരം!”
ആത്മ ബുക്ക്സ് ആണ് ‘പ്രണയാദരങ്ങളോടെ’ എന്ന പുസ്തകത്തിന്റെ പ്രസാധകർ. 176 പേജുകളുള്ള ഈ പുസ്തകം പ്രശാന്ത് വാസുദേവ് സൂചിപ്പിച്ചതുപോലെ, ഉടഞ്ഞ സ്ഫടികപ്പാത്രം പോലെ ആലിംഗനബദ്ധരായി നൃത്തം ചെയ്യുന്ന രണ്ട് യുവമിഥുനങ്ങളെപ്പോലെയുള്ള ഒരു മഞ്ഞുകട്ട ഒഴുകിമാറുന്ന കാഴ്ചയിലൂടെ, കാലം വികൃതികാട്ടിയ സ്ഫടിക ശില്പം പോലെ ഉടഞ്ഞുപോയ ഒരു പ്രണയത്തെ പുനഃർജ്ജനിപ്പിക്കുകയാണ്.
പുസ്തകം ലഭിക്കുന്ന സ്ഥലങ്ങൾ:
* പുസ്തകലോകം പബ്ലിക്കേഷൻ
* അമാൻ ബുക്സ്, കോഴിക്കോട്
* മാതൃഭൂമി ബുക്സ്, കോഴിക്കോട്
* മിനർവ ബുക്സ്, തൃശ്ശൂർ
* കോസ്മോസ്, തൃശ്ശൂർ
* Atmabooks Online Store
* പുസ്തകലോകം പബ്ലിക്കേഷൻ: Amazon
* മാതൃഭൂമി, തിരുവല്ല
* ഡിസി ബുക്സ്, തിരുവല്ല, കോട്ടയം, എറണാകുളം
* ഡിസി ബുക്സ് സ്റ്റാച്യൂ, തിരുവനന്തപുരം
* മോഡേൺ ബുക് സെൻ്റർ, പുളിമുട്, തിരുവനന്തപുരം
* സുകുമാർ ബുക്സ്, തിരുവനന്തപുരം
* പുസ്തകവണ്ടി, കാസർഗോഡ്
* ദയാ ബുക്ക്സ്, കോട്ടയം
പുസ്തകം നിങ്ങളുടെ വീട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ:
* ഇന്ത്യയിൽ നിന്ന്: +91 9074327964, +91 7559868847
* ഓസ്ട്രേലിയയിൽ നിന്ന്: +61 414067986
സിജു ജേക്കബിന്റെ രണ്ടാമത്തെ പുസ്തകമായ “ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്” ഓഗസ്റ്റ് മാസം കോട്ടയത്ത് വെച്ച് പ്രകാശനം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.































