തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി പി എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പ്തമകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. താൻ പ്രസിഡന്റാകുന്നതിന് മുൻപ് തന്നെ പോറ്റി ശബരിമലയിൽ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. കട്ടിളപാളികളിൽ സ്വർണം പൂശാനുള്ള സ്പോൺസർ ഷിപ്പിനായി പോറ്റിയെ പത്മകുമാർ വഴിവിട്ട് സഹായിച്ചെന്നും ഇതിനായി മിനുട്സിൽ അടക്കം തിരുത്തുവരുത്തിയെന്നുമാണ് കണ്ടെത്തൽ. പോറ്റി സർക്കാറിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാക്കും. നിലവിൽ റിമാൻഡിലുള്ള മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യ ഹർജിയിലും ഇന്ന് വാദമുണ്ടാകും
ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ വിദേശ യാത്രകളിലടക്കം അന്വേഷണം നടത്താൻ എസ് ഐ ടി നീക്കം നടത്തുന്നുണ്ട്. പത്മകുമാറിന്റെ പാസ്പോർട്ടടക്കം പിടിച്ചെടുത്തിട്ടുണ്ട്. പത്മകുമാറിനൊപ്പം ബോർഡിലുണ്ടായിരുന്ന അംഗങ്ങളായ കെ പി ശങ്കരദാസിന്റെയും വിജയകുമാറിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തങ്ങളറിയാതെ പാളികൾ പോറ്റിക്ക് കൈമാറാനായി പത്മകുമാർ സ്വന്തം കൈപ്പടയിൽ രേഖയിൽ തിരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴി. ഇതാണ് പത്മകുമാറിന് വലിയ തിരിച്ചടിയായത്. പത്മകുമാറിന്റെ മൊഴിയാണ് കേസിൽ ഇനി അതി നിർണ്ണായകം. സർക്കാറിന് ലഭിച്ച പോറ്റിയുടെ അപേക്ഷ ബോർഡിലേക്ക് കൈമാറിയെന്ന പത്മകുമാർ നേരത്തെ നൽകിയ സൂചനയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കാകുന്നത്. കൂടുതൽ കാര്യങ്ങൾ പത്മകുമാർ പറയുമോ എന്നതാണ് പ്രധാനം. പത്മകുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കടകംപള്ളിയെ ചോദ്യം ചെയ്യുന്ന കാര്യത്തിലെ അന്തിമ തീരുമാനം.






























