കാൻബെറ : ആഗോള താപനത്തിന്റെ ഫലമായി പല ലോകരാജ്യങ്ങളിലും അസാധാരണമാം വിധം താപനില ഉയരുന്ന കാഴ്ചയാണിപ്പോള്‍. തണുപ്പേറിയ യൂറോപ്യൻ രാജ്യങ്ങളില്‍ പോലും 30 ഡിഗ്രി സെല്‍ഷ്യസ് കടന്ന് താപനില റെക്കോഡ് സൃഷ്ടിക്കുന്നു.
ഇപ്പോഴിതാ, ചൂട് കൂടിയതോടെ ഓസ്ട്രേലിയയിലെ പാമ്ബുകളെല്ലാം കൂട്ടത്തോടെ മാളത്തിന് പുറത്തിറങ്ങാൻ തുടങ്ങിയിരിക്കുകയാണ്. സാധാരണ സെപ്റ്റംബറിലോ ഒക്ടോബറിലോ എത്താറുള്ള പാമ്ബ് സീസണ്‍ ഓസ്ട്രേലിയയുടെ കിഴക്കൻ തീരദേശത്ത് തുടങ്ങിക്കഴിഞ്ഞു. വിഷപാമ്ബുകള്‍ സജീവമായി തുടങ്ങിയതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്ന് ഓസ്ട്രേലിയൻ റെപ്റ്റൈല്‍ പാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഓസ്ട്രേലിയയില്‍ നിലവില്‍ ശൈത്യകാലമാണെങ്കിലും വളരെ വരണ്ടതാണ്. കടുത്ത തണുപ്പിനെ അതിജീവിക്കാൻ ശീതകാലത്ത് വാസസ്ഥലങ്ങളില്‍ ഒതുങ്ങിക്കൂടുന്ന പാമ്ബുകള്‍ അടക്കമുള്ള ഉരഗങ്ങള്‍ വീണ്ടും സജീവമാകുന്ന സമയമാണ് പാമ്ബ് സീസണ്‍. ചൂടിനെ ആശ്രയിച്ചാണ് ഇവ പുറത്തുവരിക.
ലോകത്തെ ഏറ്റവും വീര്യമേറിയ വിഷമുള്ള ഇൻലാൻഡ് തായ്പാൻ അടക്കം ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്നതായ നിരവധി പാമ്ബ് സ്പീഷീസുകളാണുള്ളത്. ഇൻലാൻഡ് തായ്പാന്റെ ഒറ്റക്കടയിലൂടെ പുറത്തുവരുന്ന വിഷത്തിന് ഏകദേശം നൂറ് പേരുടെ ജീവനെടുക്കാൻ സാധിക്കുമെന്ന് കരുതുന്നു.
എന്നാല്‍, മനുഷ്യവാസമില്ലാത്ത വിജനമായ പ്രദേശങ്ങളില്‍ ജീവിക്കാൻ ഇഷ്ടപ്പെടുന്നവയാണ് ഇവ. പ്രകോപനങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിക്കുമെങ്കിലും ജീവന് ഭീഷണിയെന്ന് കണ്ടാല്‍ ആക്രമിക്കും. 5 അടി മുതല്‍ 8 അടി വരെ നീളം കാണപ്പെടുന്നു.
ഉഗ്രവിഷമുള്ളതും അക്രമകാരിയുമായ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കാണ് മറ്റൊരു വില്ലൻ. ഓസ്ട്രേലിയയില്‍ തന്നെ കാണപ്പെടുന്ന വിഷമില്ലാത്ത നിരുപദ്രവകാരിയായ ഗാര്‍ട്ടര്‍ സ്നേക്കുമായി ഇവയ്ക്ക് സാമ്യമുണ്ട്.
അതുകൊണ്ട് തന്നെ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കിനെ ഗാര്‍ട്ടര്‍ സ്നേക്കാണെന്ന് തെറ്റിദ്ധരിച്ചുള്ള അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഓസ്ട്രേലിയയില്‍ പാമ്ബ് കടിയേറ്റുള്ള മരണങ്ങളില്‍ മിക്കതിന്റെയും ഉത്തരവാദി ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കാണ്.