സിഡ്നി ആസ്ഥാനമായുള്ള സംഗീതജ്ഞൻ പോൾ വർഗീസ് മണ്ണിക്കരോട്ടും സംഘവും ചേർന്ന് മലയാള ക്രിസ്തീയ ഭക്തിഗാന ശാഖയിലേക്ക് “സ്നേഹതണൽ” എന്ന മനോഹരമായ മരിയൻ ഗാനം അവതരിപ്പിക്കുന്നു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പോൾ വർഗീസ് മണ്ണിക്കരോട്ടിന്റെ ഏറ്റവും പുതിയ സംഗീത ആൽബമാണിത്. ഈ ഗാനത്തിന്റെ രചനയും അദ്ദേഹമാണ് നിർവഹിച്ചിരിക്കുന്നത്.
പോൾ മണ്ണി മ്യൂസിക് ഓസ്ട്രേലിയയുടെ യൂട്യൂബ് ചാനലിലൂടെ ഈ മാസം അവസാനത്തോടുകൂടി “സ്നേഹതണൽ” ആസ്വാദകരിലേക്ക് എത്തും.
ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയനായ ഗായകൻ അജിത് ജി കൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നിരവധി സംഗീത ആൽബങ്ങളിലൂടെ പ്രശസ്തനായ ബിനു രാജ് മെഴുവേലിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജെയ്സൺ ഡാനിയേൽ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ സിനിമാട്ടോഗ്രഫി ജെയിൻ പോളും, ക്രിയേറ്റീവ് ഡയറക്ഷൻ നിറ്റോ ജോർജുമാണ്. മനോഹരമായ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ബിജൂസ് മേഘയാണ്.
കൂടുതൽ ശ്രോതാക്കളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ, താമസിയാതെ രമ്യ രമേശിന്റെ ശബ്ദത്തിൽ ഈ ഗാനത്തിന്റെ ഫീമെയിൽ വേർഷനും കരോക്കെയും പുറത്തിറങ്ങുന്നതാണ്. പരിശുദ്ധ ദൈവമാതാവിന്റെ പാദാരവിന്ദങ്ങളിൽ പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്ന ഈ ഗാനം, ജാതിമതഭേദമന്യേ എല്ലാവരുടെയും മനസ്സിൽ സ്നേഹതണലായി നിറഞ്ഞുനിൽക്കുമെന്നും സമൂഹത്തിൽ നല്ലൊരു സന്ദേശം പകരുമെന്നും അണിയറ പ്രവർത്തകർ വിശ്വസിക്കുന്നു.































