ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടിയുള്ള പരസ്യത്തെ ചൊല്ലി ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഞായറാഴ്ച താരം തന്നെയാണ് ട്വിറ്ററിൽ പരസ്യ വിഡിയോ പങ്കുവെച്ചത്. ഖത്തർ എയർവേയ്സിനുവേണ്ടി അഭിനയിച്ച പരസ്യത്തിൽ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്നുണ്ട്. ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ നടക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് പരസ്യം പുറത്തിറങ്ങിയത്. നടിമാരായ നോറ ഫത്തേഹി, ദിഷ പടാനി എന്നിവരും ഇതിലുണ്ട്. ‘ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ, എങ്ങനെയാണ് നിങ്ങൾക്ക് ഭാരതമാതാവിനെ ചവിട്ടാനാകുന്നത്, കാനഡക്കാരൻ ഇന്ത്യയെ അപമാനിക്കുന്നു, കനേഡിയൻ കുമാർ നടക്കുന്നത് ഭാരത മാതാവിന് മുകളിലൂടെ എന്നിങ്ങനെയാണ് വിമർശനങ്ങൾ. ഷാരൂഖ് ഖാൻ നായകനായി എത്തിയ പത്താനെതിരെ ബഹിഷ്‍കരണ കാമ്പയിൻ നടത്തിയവർ എന്തുകൊണ്ട് അക്ഷയ് കുമാറിനെ വിമര്‍ശിക്കുന്നില്ലെന്നും ചോദ്യമുണ്ട്.