ന്യൂയോര്‍ക്ക് : സൂര്യനില്‍ നിന്ന് അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഭൂമിയിലെ ഇന്റര്‍നെറ്റ് ശൃംഖല ഇതിന്റെ പ്രഭാവത്തില്‍ താറുമാറാകുമെന്നും വാദം.2025ല്‍ സൂര്യൻ അതിന്റെ സോളാര്‍ സൈക്കിള്‍ പ്രതിഭാസത്തിന്റെ പാരമ്യത്തിലെത്തുമെന്നും സോളാര്‍ മാക്സിമം എന്നറിയപ്പെടുന്ന ഈ ഘട്ടത്തിന്റെ ഫലമായുണ്ടാകുന്ന ശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിക്ക് നേരെ വിശുമെന്നുമാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.സോളാര്‍ സൈക്കിളുകളും സോളാര്‍ മാക്സിമവും അസാധാരണമല്ല. ഇതിന്റെ ഫലമായി 1755ന് ശേഷം കുറഞ്ഞത് 25 തവണയെങ്കിലും സൗരക്കൊടുങ്കാറ്റുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തേതിന് വേഗവും തീവ്രതയും കൂടുമെന്നും സൂര്യനില്‍ കൂടുതല്‍ സൗരകളങ്കങ്ങള്‍ കണ്ടെത്തിയത് ഇതിനാലാണെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ 2025ല്‍ ‘ ഇന്റര്‍നെറ്റ് മഹാദുരന്തം ‘ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വ്യാപകമാവുകയാണ്.
എന്നാല്‍ ശരിക്കും സോളാര്‍ മാക്സിമം ഇന്റര്‍നെറ്റ് ശൃംഖല തകര്‍ക്കുമോ എന്നതില്‍ സ്ഥിരീകരണമില്ല എന്നതാണ് വസ്തുത. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി തുടങ്ങിയവയൊന്നും ഇത്തരമൊരു സംഭവത്തെ പറ്റി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. സൗരക്കൊടുങ്കാറ്റുകളെ ഭയക്കണമെന്ന് കാട്ടിയുള്ള 2021ലെ ഒരു ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ‘ ഇന്റര്‍നെറ്റ് മഹാദുരന്ത ‘ ചര്‍ച്ചകള്‍ സജീവമാകുന്നത്.
സൂര്യൻ നിന്ന് എപ്പോഴും ഭൂമിയുടെ ദിശയിലേക്ക് വര്‍ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന കാന്തിക കണങ്ങള്‍ സൗരക്കാറ്റ് എന്നാണ് അറിയപ്പെടുന്നത്. ഭൂമിയിലെ ജീവജാലങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഇത്തരം സൗരക്കാറ്റുകളെ ഭൂമിയ്ക്കോ ഭൂമിയിലെ ജീവനോ ഭീഷണിയാകാത്ത തരത്തില്‍ തടഞ്ഞ് നിറുത്തുന്നത് ഭൂമിയുടെ കാന്തിക കവചമാണ്. ഈ കാന്തിക കണങ്ങള്‍ ചിതറിത്തെറിക്കുന്നതാണ് ധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന അറോറ.എന്നാല്‍, നൂറ്റാണ്ടില്‍ ഒരിക്കലെങ്കിലും ഈ സൗരക്കാറ്റ് അതിശക്തമായ സൗരക്കൊടുങ്കാറ്റായി ഭൂമിയിലേക്ക് വീഴിയടിച്ചേക്കാം. ഇത്തരം സൗരക്കൊടുങ്കാറ്റുകള്‍ക്ക് ഭൂമിയിലെത്തുന്നത് ആധുനിക ജനജീവിതത്തെ സ്തംഭിപ്പിക്കുമെന്നാണ് പ്രബന്ധത്തിലെ മുന്നറിയിപ്പ്.
ഗുരുതരമായ സൗരക്കൊടുങ്കാറ്റുകള്‍ക്ക് ‘ ഇന്റര്‍നെറ്റ് മഹാദുരന്തം ” സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടാൻ ഒരുപക്ഷേ ഇത് കാരണമാകാം.നിലവില്‍ ഇന്റര്‍നെറ്റ് ശ്യംഖലയ്ക്ക് ഭീഷണിയായേക്കാവുന്ന ഒരു വിപത്തിനെ നേരിടാനുള്ള ആയുധവും നമ്മുടെ കൈയ്യിലില്ല. വലിയ തോതിലുള്ള സൗരക്കൊടുങ്കാറ്റുകളെ നേരിടാൻ നമ്മള്‍ ഇതുവരെ തയാറായിട്ടില്ല.വളരെ ശക്തിയേറിയ സൗരക്കൊടുങ്കാറ്റുകളെ കൊറോണല്‍ മാസ് ഇജക്ഷൻസ് എന്നാണ് പറയുന്നത്. ഇവ വളരെ അപൂര്‍വമാണ്.സമീപകാലത്ത് ശക്തിയേറിയ രണ്ട് സൗരക്കൊടുങ്കാറ്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് 1859ലും മറ്റൊന്ന് 1921ലും. ഇതില്‍ 1859ലെ സംഭവത്തെ കാരിംഗ്ടണ്‍ ഈവന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.അന്ന് ഭൂമിയില്‍ വലിയ തോതില്‍ ഭൗമകാന്തിക പ്രശ്നങ്ങളാണുണ്ടായത്. ടെലിഗ്രാഫ് വയറുകള്‍ കത്തുകയും ധ്രുവപ്രദേശങ്ങളില്‍ മാത്രം ദൃശ്യമായിരുന്ന അറോറ ഭൂമദ്ധ്യ രേഖയ്ക്ക് സമീപമുള്ള കൊളംബിയയില്‍ ദൃശ്യമാവുകയും ചെയ്തു.
അതേ സമയം, ചെറിയ സൗരക്കാറ്റുകള്‍ക്കും ചില അവസരങ്ങളില്‍ ഭൂമിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാകും. 1989ല്‍ കനേഡിയൻ പ്രവിശ്യയായ ക്യൂബെക്കില്‍ 9 മണിക്കൂളോളം വൈദ്യുതബന്ധം താറുമാറായത് ഇതിന് ഉദാഹരണമാണ്.എന്നാല്‍, ഇന്ന് ശക്തമായ ഒരു സൗരക്കാറ്റ് നേരിട്ട് ബാധിക്കുക ഇന്റര്‍നെറ്റ് ശൃംഖലയെ ആയിരിക്കും. അതേ സമയം, ഫൈബര്‍ ഒപ്റ്റിക് കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റ് വിതരണത്തെ സൗരക്കൊടുങ്കാറ്റുകള്‍ ബാധിക്കില്ല എന്നത് ആശ്വാസകരമാണ്.എന്നാല്‍, വൻകരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള ഇന്റര്‍നെറ്റ് കേബിളുകളുടെ സ്ഥിതി മറിച്ചാണ്. 50 മുതല്‍ 150 കിലോമീറ്റര്‍ ഇടവേളയില്‍ ഒപ്റ്റിക്കല്‍ സിഗ്നല്‍ കൂട്ടുന്നതിനായി റിപ്പീറ്ററുകള്‍ ഘടിപ്പിച്ചാണ് ഇവ സ്ഥാപിക്കുന്നത്.
സൗരക്കൊടുങ്കാറ്റുകള്‍ ഈ റിപ്പീറ്ററുകളെ ബാധിച്ചേക്കാം. ഇത്തരത്തില്‍ ഒരു റിപ്പീറ്ററിന് നാശം സംഭവിച്ചാല്‍ ആ കേബിള്‍ മുഴുവനും ഉപയോഗശൂന്യമായേക്കാം.ഒരു നിശ്ചിത പ്രദേശത്തെ കേബിളുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ ആ ഭൂഖണ്ഡങ്ങള്‍ തമ്മിലെ ബന്ധം തന്നെ വിച്ഛേദിക്കപ്പെട്ടേക്കാം. യു.എസ്, യു.കെ തുടങ്ങി സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന രാജ്യങ്ങളെയാണ് ഇത് ബാധിക്കാൻ സാദ്ധ്യത കൂടുതല്‍.സമുദ്രത്തിനടിയിലൂടെയുള്ള കേബിളുകള്‍ക്ക് തകരാറ് സംഭവിച്ചാല്‍ അത് പരിഹരിക്കാൻ എത്ര സമയം വേണമെന്നതും പ്രവചനാതീതമാണ്. ഗുരുതരമായ ഇന്റര്‍നെറ്റ് തകരാറുകളാണെങ്കില്‍ ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ വേണ്ടി വന്നേക്കാമെന്നും പ്രബന്ധത്തില്‍ പറയുന്നു.