സിഡ്നി: അസീറിയൻ ഓർത്തഡോക്സ് ബിഷപ്പിനെ ശുശ്രൂഷയ്ക്കിടെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യത്തിൽ നിലനിർത്താനുള്ള ‘എക്സി’ന്റെ നിയമപോരാട്ടത്തിന് പിന്തുണയുമായി ആക്രമണത്തിനിരയായ മാർ മാറി ഇമ്മാനുവൽ.
സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച, ബിഷപ്പിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആഗോള തലത്തിൽ നീക്കം ചെയ്യണമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് സത്യവാങ്മൂലം നൽകിയതെന്ന് ഓസ്ട്രേലിയൻ മാധ്യമമായ എ.ബി.സി റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 15-നാണ് സിഡ്‌നിയിലെ വേക്ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ വെച്ച് ബിഷപ് ആക്രമിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ വീഡിയോ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ഓസ്ട്രേലിയൻ ഇ സേഫ്റ്റി കമ്മിഷണർ ജൂലി ഇൻമാൻ എക്സസിനും മെറ്റയ്ക്കും നിർദേശം നൽകി. ഇതോടെ ഓസ്ട്രേലിയയിൽ വീഡിയോ എക്സ് നീക്കം ചെയ്തു.
എന്നാൽ ലോകം മുഴുവൻ വീഡിയോയ്ക്ക് താൽകാലിക വിലക്കേർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇ-സേഫ്റ്റി കമ്മിഷണർ കോടതിയെ സമീപിച്ചു. ലോകം മുഴുവൻ വീഡിയോ പിൻവലിക്കണമെന്ന് നിർദേശിക്കാൻ ഇ-സേഫ്റ്റി കമ്മിഷണർക്ക് അധികാരമില്ലെന്ന് പറഞ്ഞ് എക്സിന്റെ ഉടമ ഇലോൺ മസ്കുകും വെല്ലുവിളിച്ചതോടെ നിയമപോരാട്ടം രാജ്യാന്തര ശ്രദ്ധ നേടി. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ എക്സിന്റെ നിലപാടിനെ അപലപിച്ചപ്പോഴാണ് അപ്രതീക്ഷിത നീക്കവുമായി ബിഷപ്പ് മുന്നോട്ടുവന്നത്.
അതേസമയം, പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ഉള്ളടക്കത്തിൻ്റെ ആഗോള നിരോധനത്തെ എതിർത്ത് രംഗത്തുവന്നു. ബിഷപ്പിന് കുത്തേറ്റതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇ-സേഫ്റ്റി കമ്മിഷണറുടെ ശ്രമം വിഡ്ഢിത്തമാണെന്നാണ് പീറ്റർ ഡട്ടൺ വിശേഷിപ്പിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച മണിക്കൂറുകൾ നീണ്ട വാദം കേൾക്കലിനൊടുവിൽ ബുധനാഴ്‌ച വരെ വീഡിയോ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ കോടതി ഉത്തരവിട്ടു. പിന്നീട് വിലക്ക് മെയ് 10 വരെ നീട്ടി.
ബിഷപ്പ് ഇമ്മാനുവലിൽ നിന്ന് ലഭിച്ച സത്യവാങ്മൂലം മെയ് പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയിൽ അവതരിപ്പിക്കുമെന്ന് എക്‌സിൻ്റെ പ്രതിനിധി അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും സെൻസർഷിപ്പിനും എതിരായ പ്രതിരോധത്തിൻ്റെ ഭാഗമായാണ് ബിഷപ്പിന്റെ രേഖാ മൂലമുള്ള പ്രസ്‌താവന കോടതിയിൽ സമർപ്പിക്കുന്നതെന്നും എക്‌സ് പ്രതിനിധി പറഞ്ഞു.
ഓസ്ട്രേലിയയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന ഫെഡറൽ സർക്കാരിന്റെ ‘അമിത അധികാര പ്രയോഗത്തി’ന് നിയമസാധുത ഇല്ലെന്നാണ് എക്സിന്റെ വാദം.
അതേസമയം, തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനായി ഓസ്ട്രേലിയയിലെ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വീഡിയോ ഉപയോഗിക്കാമെന്ന ആശങ്കയാണ് മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കുവയ്ക്കുന്നത്.






























