അഡലെയ്ഡ്: ഓസ്ട്രേലിയൻ നഗരമായ അഡലെയ്ഡിന്റെ ഹൃദയഭാഗത്ത് ദുഖവെള്ളി ദിനത്തിൽ സിറോ മലബാർ വിശ്വാസികൾ നടത്തിയ പീഡാനുഭവയാത്ര അവിസ്മരണീയമായ ദൃശ്യാനുഭവം സമ്മാനിച്ചു. നഗരത്തോടു ചേർന്നുള്ള ബ്ലൂ ഗം പാർക്കിൽ സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് ക്രിസ്തുവിന്റെ പീഡാനുഭവ ദൃശ്യാവിഷ്കാരം ഒരുക്കിയത്. നിരവധി വിശ്വാസികളാണ് ഇവിടെ നടന്ന കുരിശിൻ്റെ വഴി പ്രദക്ഷിണത്തിലും പങ്കെടുത്തത്. വിശ്വാസികൾക്ക് പുറമേ പാർക്കിലെത്തിയവർക്കും ദൃശ്യാവിഷ്കാരം വൈകാരികമായ അനുഭവമായി മാറി.
അഡലെയ്ഡിലെ സിറോ മലബാർ ഫൊറോനയുടെ കീഴിലുള്ള സെന്റ് എവുപ്രാസ്യ, സെന്റ് മേരീസ്, സെൻ്റ് അൽഫോൻസ ഇടവകകൾ സംയുക്തമായാണ് പീഡാനുഭവ ദൃശ്യാവിഷ്കാരം നടത്തിയത്.ക്രിസ്തുവും മാതാവും പടയാളികളുമൊക്കെയായി വേഷമിട്ട യുവജനങ്ങളും വിശ്വാസികളും പങ്കെടുത്ത ഭക്തിസാന്ദ്രമായ പരിഹാരപ്രദക്ഷിണം വ്യത്യസ്തമായ അനുഭവമാണ് നൽകിയത്. യേശുവിന്റെ പീഡാനുഭവത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനവും പ്രാർഥനകളുമടങ്ങിയ കുരിശിന്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുകൊണ്ടത്.
യേശു മരണത്തിനു വിധിക്കപ്പെടുന്നതു മുതൽ കുരിശിൽ മരിക്കുന്നതു വരെയുള്ള മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സെന്റ് അൽഫോൻസ, സെൻ്റ് മേരീസ് ഇടവക ദേവാലയങ്ങളുടെ വികാരി ഫാ. സിബി പുളിക്കലും സെന്റ് എവുപ്രാസ്യ ദേവാലയത്തിൻ്റെ ചുമതലയുള്ള ഫാ. അജിത് ചെറിയകരയും ദൃശ്യാവിഷ്കാരത്തിന് നേതൃത്വം നൽകി. തങ്ങൾക്ക് തീക്ഷ്ണതയോടെ കൈമാറിക്കിട്ടിയ വിശ്വാസ പാരമ്പര്യം മക്കൾക്ക് കൈമാറാനുള്ള ഓസ്ട്രേലിയൻ സിറോ മലബാർ വിശ്വാസികളുടെ പരിശ്രമം എല്ലാ ക്രൈസ്തവർക്കും മാതൃകയാണെന്ന് ഫാ. സിബി പുളിക്കൽ പറഞ്ഞു.