ഭോപ്പാൽ : മധ്യപ്രദേശിലെ ശിവപുരിയിലെ അജയ് തോമർ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം സഹോദരനായ ഭാനു തോമർ വാടക കൊലയാളികളെ ഉപയോഗിച്ച് അജയ് തോമറിനെ കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. വർഷങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം.
എട്ട് വർഷം മുൻപ്, 2017-ൽ സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനായ വിരമിച്ച പോലീസ് ഇൻസ്പെക്ടർ ഹനുമാൻ സിംഗ് തോമറിനെ അജയ് തോമർ കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെത്തിയ അജയ് വാക്ക് തർക്കത്തിനിടെ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഈ കേസിൽ ഭാര്യ ശകുന്തളാ ദേവിയും മറ്റൊരു മകനായ ഭാനു തോമറും , അജയ് തോമറിനെതിരെ മൊഴി നൽകുകയും കേസിൽ അജയ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.
അച്ഛന്റെ കൊലപാതകത്തിന് ശേഷം, ഭാനു തോമർ പോലീസ് സേനയിൽ ചേർന്നു. ഏഴ് വർഷത്തോളം അച്ഛനെ കൊന്ന സഹോദരനെതിരെ പ്രതികാരം ചെയ്യാൻ തന്ത്രങ്ങൾ മെനഞ്ഞ ഭാനു തോമർ, അജയ് പരോളിൽ പുറത്തിറങ്ങിയപ്പോൾ കൊലപാതകം നടത്തുകയായിരുന്നു. ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17-കാരിയുടെ സഹായത്തോടെയാണ് ഭാനു പദ്ധതി നടപ്പാക്കിയത്. ഈ പെൺകുട്ടി അജയിയുമായി സൗഹൃദം സ്ഥാപിച്ചു. അജയ്ക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് കൊലപാതകം നടത്തിയത്.































