തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് അവതരിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയ നിർദ്ദേശങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ. വിഴിഞ്ഞത്തിനും വയനാടിനും ഊന്നൽ നൽകുന്നതാകും ബജറ്റെന്നും വരുമാന വർദ്ധന ലക്ഷ്യമിട്ട് സേവന നിരക്കുകൾ കൂട്ടിയേക്കുമെന്നും വിലയിരുത്തലുണ്ട്.
അതേസമയം കാത്തിരിക്കുന്ന മറ്റൊരു പ്രധാന പ്രഖ്യാപനം സംസ്ഥാനത്തെ ക്ഷേമപെൻഷൻ സംബന്ധിച്ചാണ്. നിലവിൽ കേന്ദ്ര വിഹിതം അടക്കം 1600 രൂപയാണ് സംസ്ഥാനത്ത് പെൻഷൻ വിതരണം ചെയ്യുന്നത്. ഇത് 1800 രൂപ വരെയാക്കുമെന്നാണ് കരുതുന്നത്. 150 രൂപ മുതൽ 200 രൂപ വരെയുള്ള വർധനയ്ക്കാണ് സാധ്യത. പത്ത് ശതമാനത്തിലേറെ വർധനവാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള ഇടത് നീക്കത്തിൽ പ്രധാന ആയുധമായി ഇത് മാറാനും സാധ്യതയുണ്ട്.
വിവിധ സേവന നിരക്കുകൾ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുൻനിർത്തിയുള്ള വികസന പദ്ധതികളും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ ഊന്നലുണ്ടാകുമെന്നാണ് കരുതുന്നത്. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാർട്ടപ്പുകളും മുതൽ സ്വകാര്യ സർവ്വകലാശാലകളടക്കം സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.