നയൻതാര- വിഘ്നേഷ് ശിവൻ വെഡ്ഡിംഗ് സെറിമണി വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. താലികെട്ട് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയാണ് പുറത്തുവന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള പ്രമുഖർ ഇരുവരെയും ആശീർവദിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം സത്യൻ അന്തിക്കാടിന്റെ കാല് തൊട്ടുതൊഴുത് നയൻതാരയും വിഘ്നേഷും അനുഗ്രഹം വാങ്ങിക്കുന്നുമുണ്ട്.
നവംബർ 18ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ഡോക്യുമെന്ററി വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. ഗൗതം വാസുദേവ് മേനോൻ ആയിരുന്നു ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയൻതാര. അതെല്ലാം ഉൾക്കൊള്ളിച്ചാണ് ഇപ്പോൾ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ ഉണ്ട്.






























