രാജ്യതലസ്ഥാനത്തെ ഓൾഡ് ദില്ലി പതിവ് പോലെ ഇന്നലെയും തിക്കേറിയ പായുകയായിരുന്നു. ചരിത്ര പ്രാധാന്യം ഏറെയുള്ള ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ എത്തുന്ന ഒരു ഹ്യൂണ്ടായത് ഐ 20 കാര്‍. വൈകുന്നേരം 6.55ഓടെ ആ കാര്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ദില്ലിയാകെ ആ അപ്രതീക്ഷിതമായ സ്ഫോടനത്തിൽ നടുങ്ങി. സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നു. ഒരു കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. രാജ്യത്തിന്‍റെ തലസ്ഥാനം ഉടൻ തന്നെ കനത്ത സുരക്ഷാ വലയത്തിലായി. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനങ്ങൾ തുടങ്ങി. എൻഐഎയും എസ്എസ്‍ജിയും അടക്കമുള്ള ഏജൻസികൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് അധികം വൈകാതെ തന്നെ എത്തി. രാജ്യത്തോട് കാര്യങ്ങൾ വിശദീകരിച്ചു. എട്ട് പേരാണ് സ്ഫോടനത്തില്‍ മരിച്ചതെന്നാണ് കേന്ദ്ര സർക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
കാർ ഓടിച്ചത് ഉമർ മുഹമ്മദ്? ഫരീദാബാദ് ഭീകരസംഘത്തിൽ പൊലീസ് തെരയുന്ന വ്യക്തി
സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദെന്ന് സൂചന. ഫരീദാബാദ് ഭീകര സംഘത്തിൽ പൊലീസ് തെരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ദില്ലി പൊലീസ് വൃത്തങ്ങള്‍ നൽകുന്ന വിവരം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദാണെന്നകാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഭീകരാക്രമണമെന്ന് സൂചന
രാജ്യത്തെ നടുക്കി ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന.
ഹരിയാനയിൽ അറസ്റ്റിലായ ഡോക്ടർമാർക്ക് ബന്ധമെന്നും സംശയം
ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ദില്ലി പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണം ആണെന്ന സംശയം ശക്തമാകുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്.































