ബ്രിസ്ബെയ്ൻ : ഓസ്ട്രേലിയയുടെ ശുചിത്വമുള്ള നഗരങ്ങളും, മികച്ച സൗകര്യങ്ങളും വിദേശികളെ ആകർഷിക്കുന്നു. ആധുനിക സൗകര്യങ്ങളും സർക്കാർ പിന്തുണയും ജീവിതം മെച്ചപ്പെടുത്തുന്നു. ഓസ്ട്രേലിയയുടെ 27 മില്യൻ ജനസംഖ്യയുടെ നാലിലൊന്ന് പേർ വിദേശികളാണെന്ന കണക്ക് ഈ വസ്തുത ശരിവയ്ക്കുന്നു. ഈ കുടിയേറ്റക്കാരില്‍ പലരും തലമുറകളായി ഇവിടെ ജീവിക്കുന്നവരാണ്.
ഓസ്ട്രേലിയയുടെ ചരിത്രം പരിശോധിച്ചാൽ 300 വർഷങ്ങൾക്കു മുൻപ് 500-ലധികം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന തദ്ദേശീയ ജനത ഇവിടെയുണ്ടായിരുന്നു. 60,000 വർഷത്തിലേറെയായി ഈ മണ്ണിൽ ജീവിച്ചിരുന്ന, പ്രകൃതിയെ ആരാധിച്ചിരുന്ന ഈ ജനതയാണ് ഓസ്ട്രേലിയയുടെ യഥാർത്ഥ അവകാശികൾ. 1770-ൽ ക്യാപ്റ്റൻ കുക്ക് ഇവിടെയെത്തിയപ്പോഴാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്.
ശ്രീ സെൽവ വിനായകര്‍ ക്ഷേത്രം
ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സംസ്ഥാനത്ത് തമിഴ് കുടിയേറ്റം സമീപകാലത്താണ് സജീവമായത്. 1985-നു മുൻപ് വളരെ കുറച്ച് തമിഴ് കുടുംബങ്ങൾ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. 1983-ൽ ചില ഹിന്ദു കുടുംബങ്ങൾ വീടുകളിലും പിന്നീട് ഹാളുകളിലുമായി പ്രാർഥനായോഗങ്ങൾ നടത്തിത്തുടങ്ങി. ഇത് ബ്രിസ്ബെയ്നിലെ ശ്രീ സെൽവ വിനായകർ ക്ഷേത്രത്തിന്റെ പിറവിക്ക് വഴിതുറന്നു. 1990-ൽ ബ്രിസ്ബെയ്‌നിൽ നിന്ന് 35 കിലോമീറ്റർ തെക്ക് സൗത്ത് മക്ലീനിൽ നാലര ഏക്കർ സ്ഥലം വാങ്ങി. അവിടെ ക്ഷേത്ര നിർമാണം ആരംഭിച്ചു.
ശ്രീ സെൽവവിനായകര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര
ബ്രിസ്ബെനിലെ ശ്രീ സെൽവവിനായകര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര. തലേന്ന് നല്ല മഴയായതിനാൽ അന്ന് പകലിന് അത്ര ചൂട് ഇല്ലായിരുന്നു. 1995 ഫെബ്രുവരി 5-ന് കുംഭാഭിഷേകത്തോടെയാണ് ക്ഷേത്രം ഔദ്യോഗികമായി തുറന്നത്. മംഗല്യ തടസ്സങ്ങൾ നേരിടുന്നവർക്ക് വിനായകനോട് പ്രാർഥിക്കാനുള്ള ഇടമായി ഇവിടം പ്രസിദ്ധമാണ്.
ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും പ്രത്യേകതകളും
ഇന്ത്യയിൽ നിന്നുള്ള ശിൽപ്പികളും വാസ്തുവിദ്യാ വിദഗ്ധരും ചേർന്നാണ് ഈ ക്ഷേത്രം നിർമിച്ചത്. പ്രാചീന വാസ്തുശാസ്ത്രവും ആഗമശാസ്ത്രവും അനുസരിച്ച് നിർമിച്ച ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ 20 അടി ഉയരമുള്ള ശ്രീ വിനായകനാണ്. പ്രധാന ക്ഷേത്രത്തിന്റെ വലതുവശത്ത് ശിവനും, ഇടതുവശത്ത് പാർവതിയും, പിന്നിൽ മഹാവിഷ്ണുവും മുരുകനും പ്രതിഷ്ഠകളുണ്ട്. പ്രവേശനകവാടത്തിനരികിൽ നവഗ്രഹങ്ങളും ഭൈരവരും ഉണ്ട്.
ക്ഷേത്രത്തിന്റെ മറ്റൊരു ആകർഷണം മൃഗങ്ങളെ പരിപാലിക്കുന്ന രീതിയാണ്. ക്ഷേത്രപരിസരത്ത് പശുക്കളെയും ആടുകളെയും വളർത്തുന്നു. കൂടാതെ, നിരവധിയായ മയിലുകളും കോഴികളും മറ്റ് വളർത്തുപക്ഷികളും ഇവിടെയുണ്ട്. സന്ദർശകർക്ക് മൃഗങ്ങൾക്ക് ഭക്ഷണം നൽകാനുള്ള സൗകര്യവുമുണ്ട്.
ക്ഷേത്രത്തിൽ എത്തുന്ന എല്ലാ സമുദായത്തിൽ പെട്ടവർക്കും ഭക്ഷണം കൊടുക്കാൻ കന്റീൻ പ്രവർത്തിക്കുന്നു. സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ ആസ്വദിക്കാം
1987 മുതൽ 1990 വരെ, ഒരു ക്ഷേത്രം നിർമിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും അതിനായി ഫണ്ട് ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. ഒടുവിൽ, 1990-ൽ ബ്രിസ്ബെയ്‌നിൽ നിന്ന് 35 കിലോമീറ്റർ തെക്ക് സൗത്ത് മക്ലീനിൽ നാലര ഏക്കർ സ്ഥലം വാങ്ങി. ഇന്ത്യയിലെ ക്ഷേത്രങ്ങൾക്ക് സമാനമായ പ്രകൃതി സൗന്ദര്യമുള്ള ഈ സ്ഥലം എല്ലാവരെയും ആകർഷിച്ചു.
ആരാധനയും ആഘോഷങ്ങളും
ദിവസേനയും പ്രത്യേക ദിവസങ്ങളിലും ക്ഷേത്രത്തിൽ പൂജകൾ, അർച്ചനകൾ, അഭിഷേകങ്ങൾ എന്നിവ നടത്തപ്പെടുന്നു. വിനായക ചതുർത്ഥി, നവരാത്രി, മഹാശിവരാത്രി, ദീപാവലി എന്നിവ ആഘോഷിക്കുന്നു. ശ്രീലങ്കയിൽ നിന്ന് കൊണ്ടുവന്ന മനോഹരമായ തേരിൽ വിഗ്രഹമെഴുന്നള്ളിച്ച് ഉത്സവാഘോഷങ്ങൾ ഗംഭീരമായി നടത്താറുണ്ട്.































