തൃശൂർ: തൃശൂരിലെ എൻ ഡി എ സ്ഥാനാർഥിയായെത്തിയതിന് പിന്നാലെയുള്ള സുരേഷ് ഗോപിയുടെ പല നീക്കങ്ങളും പലരെയും അമ്പരപ്പിക്കുന്നതാണ്. ബി ജെ പിയുടെ താര സ്ഥാനാർഥിയുടെ പ്രചാരണവും മറിച്ചായിരുന്നില്ല. മുതിർന്ന കോൺഗ്രസ് നേതാവും കെ മുരളീധരന്‍റെ മണ്ഡലം രക്ഷാധികാരിയുമായ തേറമ്പിൽ രാമകൃഷ്ണന്‍റെയടക്കം വീട്ടിലാണ് സുരേഷ് ഗോപി ആശംസ തേടിയെത്തിയത്. യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരന്‍റെ വിജയം തന്‍റെ ഉത്തരവാദിത്തമെന്നായിരുന്നു തേറമ്പിൽ പരസ്യ മറുപടി പറഞ്ഞത്. കെ കരുണാകരന്‍റെ ബന്ധുവീട്ടിലും സുരേഷ് ഗോപി സന്ദർശനം നടത്തിയിരുന്നു. കെ കരുണാകരന്‍റെ കുടുംബം ആരെയും ഗെറ്റൗട്ട് അടിക്കില്ലെന്നായിരുന്നു എല്ലാത്തിനും ഒടുവിൽ കെ മുരളീധരന്‍റെ പ്രതികരണം.






























