കൊച്ചി: പാറശാല ഷാരോൺ കൊലക്കേസിൽ മുഖ്യ പ്രതി ഗ്രീഷ്മയ്ക്ക് തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചു. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്. കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണം വേണമെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് പറഞ്ഞു.
കേരളം അമ്പരപ്പോടെ കേട്ട ഷാരോൺ കൊലപാതക കേസിലാണ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് പത്ത് മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. സാക്ഷികളെ സ്വാധീനിക്കാരുതെന്നും കേസിൽ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ നടപടി. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് മാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം നൽകിയാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പിൻമാറാൻ തയ്യാറാകാതെ വന്നപ്പോൾ ഗ്രീഷ്മയും കുടുംബവും ആസൂത്രണം ചെയ്ത കൊലപാതകം നടപ്പാക്കുകയായിരുന്നു































