വെല്ലിങ്ടണ്‍: വജ്രംപതിച്ച ലോക്കറ്റുവിഴുങ്ങിയ കള്ളന് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിലെപ്പോലെ ന്യൂസീലന്‍ഡിലെ പോലീസുകാര്‍ ആറുദിവസം കാവലിരുന്നു. ആറാംദിനമായ വെള്ളിയാഴ്ച കള്ളന് പ്രകൃതിയുടെ വിളിവന്നു. 19,300 ഡോളറിന്റെ (ഏകദേശം 17.35 ലക്ഷം രൂപ) തൊണ്ടിമുതല്‍ പുറത്തെത്തി.
ഓക്ലന്‍ഡിലെ സ്വര്‍ണക്കടയില്‍നിന്നാണ് 32-കാരനായ മോഷ്ടാവ് മുട്ടയുടെ (ഫേബെര്‍ജേ എഗ്) ആകൃതിയിലുള്ള ലോക്കറ്റുകട്ടത്. രക്ഷപ്പെടുംമുന്‍പേ പോലീസുപിടിച്ചു. 18 കാരറ്റ് സ്വര്‍ണവും 60 വെളുത്ത വജ്രവും 13 ഇന്ദ്രനീലവും പതിപ്പിച്ച ലോക്കറ്റ് കള്ളനങ്ങു വിഴുങ്ങി. 1983-ല്‍ ഇറങ്ങിയ ജെയിംസ് ബോണ്ട് ചലച്ചിത്രം ‘ഒക്ടോപസി’യില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഉണ്ടാക്കിയ ലോക്കറ്റില്‍ ഒരു കുഞ്ഞ് സ്വര്‍ണനീരാളിയെയും കൊത്തിവെച്ചിട്ടുണ്ടായിരുന്നു.
റഷ്യയിലെ ഹൗസ് ഓഫ് ഫേബെര്‍ജേ 19-ാം നൂറ്റാണ്ടില്‍ സര്‍ ചക്രവര്‍ത്തിമാര്‍ക്കുവേണ്ടിയാണ് ഈസ്റ്റര്‍മുട്ടയുടെ ആകൃതിയുള്ള ആദ്യ ലോക്കറ്റ് ഡിസൈന്‍ചെയ്തത്. അതേ മാതൃകയിലുള്ളതായിരുന്നു കള്ളന്‍ വിഴുങ്ങിയ ലോക്കറ്റ്. ലോക്കറ്റ് തിരിച്ചുകിട്ടിയെങ്കിലും ഇയാളുടെപേരില്‍ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.
ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ 2017-ല്‍ ഇറങ്ങിയചിത്രം. നായികയുടെ (നിമിഷാ സജയന്‍) താലിമാല മോഷ്ടിച്ചുവിഴുങ്ങിയ കള്ളനും (ഫഹദ് ഫാസില്‍) കേസുതെളിയിക്കാനായി അയാള്‍ വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തുവരാന്‍ കാത്തിരിക്കുന്ന പോലീസുകാരുടെയും കഥയാണിത്.































